
കണ്ണൂർ: കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് ആവർത്തിച്ച് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കെ വി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും കെ പി സി സി പ്രസിഡന്റിന്റെ ഊരുവിലക്ക് ബി ജെ പിക്ക് വേണ്ടിയാണെന്നും ജയരാജൻ പറഞ്ഞു.
സെമിനാറിന്റെ വിശദാംശങ്ങൾ കെ വി തോമസിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിൽ പങ്കെടുത്ത് കോൺഗ്രസിൽ നിന്ന് പുറത്തായാൽ കെ വി തോമസ് വഴിയാധാരമാകില്ലെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആർ എസ് എസിന്റെ എ ടീമായി കെ സുധാകരൻ കോൺഗ്രസിനെ മാറ്റുകയാണ്. നെഹ്റുവിന്റെ പാരമ്പര്യമാണ് കെ വി തോമസിന്, കെ സുധാകരന് ഗോഡ്‌സെയുടെതും.'- ജയരാജൻ പറഞ്ഞു. അതേസമയം സെമിനാറിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ന് രാവിലെ പതിനൊന്നുമണിക്ക് കെ വി തോമസ് നിലപാട് അറിയിക്കും.