
ആലപ്പുഴ: അപ്പത്തിനും മുട്ടയ്ക്കും തന്നിൽ നിന്ന് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ ദിവസങ്ങൾക്ക് മുൻപാണ് പി പി ചിത്തരഞ്ജൻ എം എൽ എ രംഗത്തെത്തിയത്. അഞ്ച് അപ്പവും രണ്ട് മുട്ട റോസ്റ്റും വാങ്ങിയതിന് എം എൽ എയോട് 184 രൂപയായിരുന്നു ഈടാക്കിയത്.
വളരെ കനം കുറഞ്ഞ ഒരു അപ്പത്തിന് 15 രൂപയും ഒരു മുട്ട റോസ്റ്റിന് 50 രൂപയുമായിരുന്നു വില. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നായിരുന്നു എം എൽ എ പ്രഭാത ഭക്ഷണം കഴിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചിരിക്കുകയാണ് ഹോട്ടലുടമ. മുട്ട റോസ്റ്റിന് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് അഞ്ച് രൂപ കുറച്ച് 10 രൂപയാക്കിയതായി ഹോട്ടൽ ഉടമ അറിയിച്ചു.
ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം എൽ എ ജില്ലാ കളക്ടർക്ക് നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമമില്ലാത്തതിനാൽ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കളക്ടർ അറിയിച്ചിരുന്നു.