allu-arjun

ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന് നടൻ അല്ലു അർജുന് പിഴ ചുമത്തി ഹൈദരാബാദ് പൊലീസ്. താരത്തിന്റെ വാഹനമായ റേഞ്ച് റോവർ എസ്‌യുവിയിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. 700രൂപ പിഴയടച്ച ശേഷം ഗ്ലാസിൽ മാറ്റം വരുത്തണമെന്നും പൊലീസ് അല്ലു അർജുനോട് ആവശ്യപ്പെട്ടു. വാഹനങ്ങൾക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി 2012ൽ തന്നെ രാജ്യത്ത് വാഹനങ്ങളിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ട്രാഫിക് നിയമം ലംഘിച്ചതിന് തെലുങ്ക് സംവിധായകനായ ത്രിവിക്രം ശ്രീനിവാസനിൽ നിന്നും ഹൈദരാബാദ് പൊലീസ് പിഴ ഈടാക്കിയിരുന്നു.

അതേസമയം, പുഷ്പ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ. കഴിഞ്ഞ ഡിസംബർ 17നാണ് ചിത്രത്തിന്റെ ഒന്നാം ഭാഗം ലോകവ്യാപകമായി തിയേറ്റർ റിലീസ് ചെയ്തത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിംഗും ആരംഭിച്ചിരുന്നു. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. താരത്തിന്റെ മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ലുക്കിലാണ് അദ്ദേഹം പുഷ്പയിൽ എത്തിയത്.