yoga-mahotsav

ന്യൂഡൽഹി: ലോക ആരോഗ്യ ദിനമായ ഇന്ന് ഡൽഹി ചെങ്കോട്ടയിൽ യോഗ മഹോത്സവം സംഘടിപ്പിച്ച് ആയുഷ് മന്ത്രാലയം. വിവിധ യോഗാസനങ്ങൾ പ്രദർശിപ്പിച്ച പരിപാടിയിൽ ലോക്സഭ സ്പീക്കർ ഓം ബിർളയും കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളും പങ്കെടുത്തു. രാവിലെ ആറരയ്ക്ക് തുടങ്ങിയ പരിപാടി എട്ടു മണി വരെ നീണ്ടു.

ഡൽഹിയിലുള്ള വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, യോഗാചാര്യന്മാർ, എംപിമാർ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യമുള്ള ഒരു ലോകത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്ന് ചടങ്ങിൽ ഓം ബിർള പറഞ്ഞു. യോഗ നമ്മുടെ പൂർവികരുടെ ജീവിത രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗയ്ക്ക് ലോകമെമ്പാടും ലഭിക്കുന്ന സ്വീകാര്യത രാജ്യത്തിന് അഭിമാനമാണെന്നും ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിന്റെ അഭിവാജ്യ ഘടകമായി യോഗയെ അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ പറഞ്ഞു.


എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് ആയുഷ് മന്ത്രാലയം 100 ദിവസത്തെ കൗണ്ട് ഡൗൺ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 100 സംഘടനകൾ രാജ്യത്തിന്റെ 100 വിവിധ സ്ഥലങ്ങളിൽ യോഗ പ്രോത്സാഹിപ്പിക്കാനായി പരിപാടികൾ നടത്തി വരികയാണ്.

എല്ലാ വർഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഒരു കൂട്ട യോഗ പ്രദർശനമാണ് അന്താരാഷ്ട്ര യോഗ ദിനത്തിലെ പ്രധാന പരിപാടി. ഈ വർഷത്തെ പരിപാടിയുടെ ഒരുക്കങ്ങൾ നടന്നു വരികയാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമായ ഈ വർഷം പ്രധാനപ്പെട്ട 75 സ്ഥലങ്ങളിൽ യോഗ ദിനാചരണം നടത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.