
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന തന്റെ രാജ്യത്തെ സഹായിച്ച ഇന്ത്യയെ ബിഗ് ബ്രദർ എന്ന് വിശേഷിപ്പിച്ച് മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്നു പോകുന്നത്. സഹായം നൽകിയ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും അദ്ദേഹം പേരെടുത്ത് അഭിനന്ദിച്ചു.
"'അയൽക്കാരനും സഹോദരനും എന്ന നിലയിൽ ഇന്ത്യ എല്ലായ്‌പ്പോഴും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞങ്ങൾ നന്ദിയുള്ളവരാണ്. നിലവിലെ സാഹചര്യത്തിൽ അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും സഹായത്തോടെ ഈ പ്രതിസന്ധിയിൽ നിന്നും ഞങ്ങൾ പുറത്തു കടക്കുമെന്ന് പ്രതീക്ഷിക്കുന്നു." അദ്ദേഹം പറഞ്ഞു.
നിലവിൽ രൂക്ഷമായ പവർകട്ടിന് സാക്ഷ്യം വഹിക്കുന്ന രാജ്യമാണ് ശ്രീലങ്ക. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി 270000 മെട്രിക് ടൺ ഇന്ധമനമാണ് ഇന്ത്യ പലതവണയായി ശ്രീലങ്കയ്‌ക്ക് നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36000 മെട്രിക് ടൺ പെട്രോളും 40000 മെട്രിക് ടൺ ഡീസലും ശ്രീലങ്കയിൽ എത്തിച്ചതായി കൊളംബോയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.
മാത്രവുമല്ല, ഇന്ത്യയുടെ സമയോചിതമായ സഹായം ശ്രീലങ്കയിലെ ആരോഗ്യമേഖലയുടെ സുരക്ഷയും സൗകര്യം വർദ്ധിപ്പിച്ചതായി കൊളംബോ നാഷണൽ ഐ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഡാമിക വ്യക്തമാക്കി.
'ഞങ്ങളുടെ ഒട്ടുമിക്ക മരുന്നുകളും ഇന്ത്യൻ ക്രെഡിറ്റ് ലൈനിന് കീഴിൽ ഇന്ത്യയിൽ നിന്നാണ് വരുന്നത്, സമീപഭാവിയിൽ കൂടുതൽ വിതരണം ഞങ്ങളിലേക്ക് വരും. ഇത് ഞങ്ങൾക്ക് വലിയ സഹായമാണ്. ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി."