
വ്യായാമം ചെയ്യുന്നത് ശരീരത്തിന് വളരെ നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ ആരോഗ്യവും ഉന്മേഷവും നൽകുന്നതിനൊപ്പം വ്യായാമത്തിന് നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കാനും കഴിയും. എങ്ങനെയെന്നല്ലേ? ശരിയായ രീതിയിലല്ല നിങ്ങൾ വ്യായാമം ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ശരീരത്തെ അത് പ്രതികൂലമായി ബാധിക്കും. ഇങ്ങനെ വ്യായാമം ശരീരത്തെ ദോഷമായി ബാധിച്ചു തുടങ്ങിയാൽ നമ്മുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം പ്രകടമാക്കുന്നുണ്ടെങ്കിൽ അതിനെ നിസാരമായി കാണരുത്. ജാഗ്രത പാലിക്കേണ്ട ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം അടയാളങ്ങൾ നിങ്ങളുടെ ശരീരം പ്രകടമാക്കുന്നുണ്ടെങ്കിൽ വേഗം ശ്രദ്ധിക്കൂ.
1. ക്ഷീണം
വ്യായാമത്തിന് ശേഷം മറ്റ് ജോലികൾ ചെയ്യാനുള്ള ഊർജം നിങ്ങളുടെ ശരീരത്തിന് നഷ്ടപ്പെടുക, എപ്പോഴും ക്ഷീണം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കൂ. വ്യായാമം ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ ശരീത്തിന് ഗുണത്തെക്കാളേറെ ദോഷം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമയനിഷ്ഠയില്ലാതെ വ്യായാമം ചെയ്യുക, ശരീരത്തിന് വേണ്ട വിശ്രമം ലഭിക്കാതിരിക്കുക തുടങ്ങിയവയാണ് ഈ ലക്ഷണങ്ങൾക്ക് കാരണം.
2. നിരാശ
ദിവസം മുഴുവൻ ഉന്മേഷവും സന്തോഷവും നൽകാൻ വ്യായാമം ചെയ്യുന്നതിലൂടെ കഴിയും. എന്നാൽ വ്യായാമം ചെയ്യുന്നത് നിങ്ങളെ നിരാശനാക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കൂ. ഭക്ഷണത്തോടും ഉറക്കത്തോടും താൽപര്യമില്ലാതാവുക എന്നതും അനാരോഗ്യകരമായ വ്യായാമത്തിന്റെ ലക്ഷണങ്ങളാണ്.
3.പരിക്കുകൾ
ശരീരത്തിൽ മുറിവുകൾ, ചതവ്, പേശികളിലെ വേദന എന്നിവ അമിതമായി ഉണ്ടാകുന്നുണ്ടെങ്കിൽ അതിന് കാരണം നിങ്ങൾ ദിവസവും ചെയ്യുന്ന വ്യായാമമാണ്. അമിതമായി വ്യായാമം ചെയ്യുന്നതാണ് ഈ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം.
4. മാനസികാരോഗ്യം
മാനസിക പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഉപാധിയായി നിങ്ങൾ അമിത വ്യായാമം ചെയ്യുകയാണെങ്കിൽ അത് നിങ്ങളുടെ ശരീരത്തെ വളരെയധികം ദോഷമായി ബാധിക്കും. വ്യായാമം ചെയ്യുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടും, എന്നാൽ അതിനായി മാത്രം വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും. അതിനാൽ മാനസികാരോഗ്യം നിലനിർത്താൻ ലഘുവായ വ്യായാമങ്ങൾ ചെയ്യുക.
ആരോഗ്യം നേടുന്നതിനായി വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിനും മനസിനും ഒരുപോലെ യോജിക്കുന്നവ തിരഞ്ഞെടുക്കുക. തുടക്കക്കാർ ലഘുവായ വ്യായാമങ്ങൾ ആദ്യം ചെയ്യുക. ശരീരം തയാറായി എന്ന് തോന്നുമ്പോൾ മാത്രം കഠിനവ്യായാമങ്ങൾ ചെയ്ത് തുടങ്ങുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വ്യായാമം ചെയ്യുന്നതിന്റെ ശരിയായ പ്രയോജനം നിങ്ങളുടെ ശരീരത്തിന് ലഭിക്കും.