sindhu

മാനന്തവാടി: സബ് ആർ ടി ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജോയിന്റ് ആർ ടി ഒയെ വിളിച്ചുവരുത്തും. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് മാനന്തവാടി ജോയിന്റ് ആർ ടി ഒ വിനോദ് കൃഷ്ണയെ വിളിച്ചു വരുത്താൻ തീരുമാനിച്ചത്. ഓഫീസിലെ അവസ്ഥയെ കുറിച്ചുള്ള സിന്ധുവിന്റെ നേരിട്ടുള്ള പരാതി ലഭിച്ചിരുന്നെന്ന് വയനാട് ആർ ടി ഒ ഇ മോഹൻ ദാസ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ജോയിന്റ് ആർ ടി ഒയെ വിളിച്ച് വരുത്താൻ തീരുമാനിച്ചത്. ഓഫീസിൽ ഗ്രൂപ്പിസമുണ്ടെന്നും, സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ ടി ഒയോട് ആവശ്യപ്പെട്ടത്. സിന്ധുവിന്റെ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ ആഗസ്തിയുടെയും ആലീസിന്റെയും മകൾ സിന്ധുവിനെ (42) ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പത് വർഷമായി മാനന്തവാടി സബ് ആർ ടി ഒ ഓഫീസിൽ ജീവനക്കാരിയാണ്. ഓഫീസിലെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് സിന്ധു ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ട്. കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് കാരണം മേലുദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സിന്ധു പറഞ്ഞിരുന്നുവെന്ന് സഹോദരൻ നോബിൾ ആരോപിച്ചു. എന്നാൽ ഓഫീസിൽ സിന്ധുവുമായി ആർക്കും പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നായിരുന്നു മാനന്തവാടി ജോയിന്റ് ആർ ടി ഒ പ്രതികരിച്ചത്.