mushroom

മിക്ക ജീവികളും തമ്മിൽ ആശയ വിനിമയം നടത്തുന്നുണ്ട് എന്ന് നമുക്ക് അറിയാം. പക്ഷെ അവയിൽ ഏതെങ്കിലും ജീവി മനുഷ്യരുടെ ഭാഷയിൽ സംസാരിക്കും എന്ന് നമ്മൾ ഇതുവരെ കേട്ടിട്ടുണ്ടാകില്ല. എന്നാൽ കൂണുകൾക്ക് തമ്മിൽ സംസാരിക്കാനാകുമെന്നും അവ മനുഷ്യരുടെ ഭാഷയിൽ ആശയവിനിമയം നടത്തുന്നുവെന്നുമുള്ള കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ.

കൂണുകൾക്ക് തമ്മിൽ സംസാരിക്കാൻ മനുഷ്യ ഭാഷയുടേതിന് സമാനമായ അമ്പതോ അതിലധികമോ പദങ്ങളുണ്ടെന്നാണ് പുതിയ കണ്ടെത്തലിൽ പറയുന്നത്. ഇവ ബാഹ്യകോശ വൈദ്യുത പൊട്ടെൻഷ്യലിന്റെ കമ്പനങ്ങൾ പ്രകടിപ്പിക്കുന്നതായും ഗവേഷകർ കണ്ടെത്തി. ആഹാരത്തെയും കാലാവസ്ഥയേയും പറ്റിയാണ് അവ കൂടുതലായും ആശയ വിനിമയം നടത്തുന്നത്. റോയൽ സൊസൈറ്റി ഓപ്പൺ സയൻസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഗോസ്റ്റ് ഫംഗസ് (ഓംഫാലോട്ടസ് നിഡിഫോമിസ്), എനോക്കി ഫംഗസ് (ഫ്ലാമുലിന വെലൂട്ടിപ്സ്), സ്പ്ലിറ്റ് ഗിൽ ഫംഗസ് (സ്‌കീസോഫില്ലം കമ്യൂൺ), കാറ്റർപില്ലർ ഫംഗസ് (കോർഡിസെപ്സ് മിലിറ്റാറിസ്) എന്നീ നാലിനം കൂണുകളിലാണ് ഗവേഷകർ പഠനം നടത്തിയത്.

പഠനത്തിന് വിധേയമാക്കിയ ഫംഗസുകളുടെ വൈദ്യുത പ്രവർത്തനം നിരീക്ഷിച്ച ഗവേഷകർ ഇവയിലെ വൈദ്യുത ആവേഗങ്ങൾ മനുഷ്യന്റെ സംസാരത്തോട് ഘടനാപരമായി സാമ്യമുള്ളതാണെന്ന് കണ്ടെത്തി. ഈ ആവേഗങ്ങൾക്ക് മനുഷ്യർ ആശയ വിനിമയം നടത്താനുപയോഗിക്കുന്ന ഡസൻ കണക്കിന് പദങ്ങളുടെ ഘടനയോടാണ് സാമ്യമുള്ളത്.

മരങ്ങളെ ദഹിപ്പിക്കുന്ന (വുഡ് ഡൈജസ്റ്റിംഗ്) ഫംഗസുകൾ മരക്കഷ്ണങ്ങളുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ അവയിൽ നിന്ന് പുറത്തു വരുന്ന വൈദ്യുത ആവേഗങ്ങൾ വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇതിനർത്ഥം ഇവ വൈദ്യുത സിഗ്നലുകളിലൂടെ ഭക്ഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറുന്നു എന്നാണ്.

മൈസീലിയം നെറ്റ്വർക്കുകളിലെ വിവരങ്ങൾ ആശയവിനിമയം നടത്താനും അത് പ്രൊസസ് ചെയ്യാനും ഫംഗസുകൾ വൈദ്യുത ആവേഗങ്ങളുടെ സ്‌പൈക്ക് ഉപയോഗിച്ചു എന്ന് സങ്കൽപിച്ചു കൊണ്ട് ഞങ്ങൾ ആ സ്‌പൈക്കുകളെ വാക്കുകളുടെ ഒരു ഗ്രൂപ്പാക്കി. ഇതിനു ശേഷം ഈ ഫംഗൽ സ്‌പൈക്കിംഗ് പ്രവർത്തനത്തെ ഭാഷാപരമായി വിശകലനം ചെയ്തു. ഇത് വഴി ഫംഗസ് പദങ്ങളുടെ ദൈർഘ്യം മനുഷ്യർ ഉപയോഗിക്കുന്ന ഭാഷയുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തിയെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത പ്രൊഫസർ ആൻഡ്രൂ അഡമാറ്റ്സ്‌കി പറഞ്ഞു. ഫംഗസുകളുടെ വൈദ്യുത ആശയവിനിമയം സംബന്ധിച്ചുള്ള പഠനം ഇപ്പോഴും ആരംഭ ഘട്ടത്തിലാണെന്നും കൂടുതൽ ഗവേഷണങ്ങൾ നടന്നു വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.