
ഇടുക്കി: മൂന്നാർ ടൗണിലെ പച്ചക്കറി കടകളിലേക്ക് പതിവായി കാട്ടാനകളെത്തുന്നു. ഓരോ തവണയും കട കുത്തിത്തുറന്ന് നശിപ്പിച്ച ശേഷമാണ് ഇവയുടെ മടക്കം.
കഴിഞ്ഞ ദിവസവും പുലർച്ചെ രണ്ടു മണിയോടെ എത്തിയ കാട്ടാന പച്ചക്കറി കച്ചവടക്കാരനായ പാപ്പുകുഞ്ഞിന്റെ കട കുത്തിത്തുറന്ന് പഴങ്ങളും പച്ചക്കറികളും അകത്താക്കി. അഞ്ചാം തവണയാണ് പാപ്പു കുഞ്ഞിന്റെ കട കാട്ടാന തകർക്കുന്നത്.
സ്ഥലത്തുണ്ടായിരുന്നവരെല്ലാം എത്തി ആനയെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കൂടുൽ പേർ എത്തിയതോടെയാണ് ആന തിരികെ മടങ്ങിയത്.
മൂന്നാറിലെ പച്ചക്കറി കടകളല്ലാതെ സമീപത്തുള്ള മറ്റു കടകളൊന്നും ആക്രമിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. ആനകൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ക്യാരറ്റും പഴങ്ങളും കഴിക്കാനാണ് അധികവും എത്തുന്നത്.
ഓരോ തവണയും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ആനകളുടെ ആക്രമണത്തിലൂടെ കച്ചവടക്കാർക്ക് ഉണ്ടാകുന്നത്. കാട്ടാനകളുടെ ശല്യം മൂന്നാർ ടൗണിൽ പതിവാണെങ്കിലും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും വേണ്ട നടപടികളൊന്നുമുണ്ടാകുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.