putin-biden-

ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തി റഷ്യൻ കറൻസിയായ റൂബിൾ. യുക്രെയിനുമായി യുദ്ധം ആരംഭിച്ചതിനു പിന്നാലെ പല രാജ്യങ്ങളും റഷ്യക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ റൂബിളിന്റെ മൂല്യം വളരെയധികം ഇടിഞ്ഞിരുന്നു. റഷ്യൻ സാമ്പത്തിക മേഖലയുടെ തകർച്ചയായി ഈ ഇടിവിനെ പലരും കണ്ടു.

അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ ഉപരോധം റൂബിളിന്റെ മൂല്യം ഡോളറിന് 121.5 റൂബിൾ എന്ന റെക്കോഡ് നിലയിലേക്ക് താഴ്ത്തി. അന്ന് റൂബിൾ വെറും റബിളായി (അവശിഷ്ടം) ചുരുങ്ങി എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പരിഹസിച്ചിരുന്നു. എന്നാൽ ഈ പരിഹാസത്തെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് റൂബിളിന്റെ മൂല്യം കുതിച്ചുയർന്നിരിക്കുകയാണ്.

ഒരു ഡോളറിന് 79.7 റൂബിൾ എന്ന നിലയിലേക്കാണ് ഇത് ഉയർന്നത്. റഷ്യ യുക്രെയിൻ യുദ്ധത്തിന് മുൻപ് ഏത് നിലയിലാണോ റൂബിളിന്റെ മൂല്യം ഉണ്ടായിരുന്നത് അതേ നിലയിലാണ് ഇപ്പോൾ ഇത് തിരിച്ചെത്തിയിരിക്കുന്നത്.

റഷ്യക്കു മേൽ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഒന്നും തന്നെ വിലപ്പോയില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്ധനവും പ്രകൃതി വാതകവുമാണ് റഷ്യയെ ഈ പ്രതിസന്ധികളിൽ നിന്ന് കര കയറാൻ സഹായിച്ചത്.

ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്ന് റഷ്യ മിക്കവാറും ഒഴിവാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും ഊർജ കയറ്റുമതിയിൽ നിന്ന് രാജ്യം ഈ വർഷം മാത്രം ഏകദേശം 321 ബില്യൺ ഡോളർ സമ്പാദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലൂംബർഗ് ഇക്കണോമിക്സ് പറയുന്നു. 2021 ലെ അപേക്ഷിച്ച് മൂന്നിരട്ടോയിളം അധികമാണ് ഈ സംഖ്യ.