
ബിഗ് ബോസ് ഹിന്ദി സീസൺ 13ലെ പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥിയായിരുന്നു ഷെഹ്‌നാസ് ഗിൽ. താരവും മറ്റൊരു മത്സരാർത്ഥിയുമായ സിദ്ധാർത്ഥ് ശുക്ളയുമായുള്ള അടുപ്പവും ഏറെ ചർച്ചയായിരുന്നു. പിന്നാലെ കഴിഞ്ഞ സെപ്‌തംബറിൽ ഹൃദയാഘാതം മൂലമുള്ള സിദ്ധാർത്ഥിന്റെ അപ്രതീക്ഷിത വിടവാങ്ങലിലും ഷെഹ്‌നാസ് ഗിൽ ആയിരുന്നു സംസാര വിഷയം. എന്നാൽ താരം ഇപ്പോൾ ഏറ്റവും ശ്രദ്ധ നേടുന്നത് ആരെയും ഞെട്ടിക്കുന്ന രൂപമാറ്റത്തിന്റെ പേരിലാണ്. വെറും ആറ് മാസം കൊണ്ട് പന്ത്രണ്ട് കിലോ ഭാരം കുറച്ചാണ് ഷെഹ്‌നാസ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ വെയിറ്റ് ലോസ് രഹസ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
ദിവസത്തിന്റെ തുടക്കം മഞ്ഞൾ വെള്ളത്തിൽ
ഏതാനും ടേബിൾ സ്‌പൂൺ ആപ്പിൾ സിഡാർ വിനാഗർ ചേർത്ത മഞ്ഞൾ വെള്ളം കുടിച്ചുകൊണ്ടാണ് ഷെഹ്‌നാസ് തന്റെ ദിവസം ആരംഭിക്കുന്നത്. ഈ മിശ്രിതം കൊഴുപ്പിനെ അലിയിക്കുകയും ഭാരക്കുറവിന് സഹായിക്കുകയും ചെയ്യുന്നു.
പ്രഭാത ഭക്ഷണം
ദോശ, ഉലുവ ചേർത്ത പറാത്ത, ദാൽ കറി തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന പ്രഭാത ഭക്ഷണം. ഇവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടുതൽ പോഷകങ്ങൾ ചേർത്ത് കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് താരത്തിന് പ്രിയം.
ഉച്ചഭക്ഷണവും അത്താഴവും
പ്രഭാത ഭക്ഷണം വയറുനിറയെ കഴിക്കുന്നതിനാൽ ഉച്ചയ്ക്കും രാത്രിയിലും ലഘു ഭക്ഷണമാണ് ഷെഹ്‌നാസ് തിരഞ്ഞെടുക്കുന്നത്. രണ്ട് ചപ്പാത്തിയും ഒരു ബൗൾ പരിപ്പ് കറിയും. ധാരാളം വെള്ളം കുടിക്കാനും താരം മറക്കാറില്ല.
വ്യായാമം
ഭാരം കുറയ്ക്കാൻ കഠിനമായ വർക്ക് ഔട്ടുകളുടെ ആവശ്യമില്ലെന്ന പക്ഷക്കാരിയാണ് ഷെഹ്‌നാസ്. വീടിനുള്ളിൽ തന്നെ കുറച്ച് നേരം നടന്നാലും ഗുണകരമാണെന്നാണ് താരം പറയുന്നത്. മണിക്കൂറുകളോളം വർക്ക് ഔട്ട് ചെയ്യുന്നതിന് പകരം ദിവസവും കൃത്യമായ വ്യായാമം കുറച്ച് സമയത്ത് ചെയ്താൽ പോലും ഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് താരം പറയുന്നു.
ഫാസ്റ്റ് ഫുഡ്
പുറത്ത് നിന്നുള്ള ഭക്ഷണം പൂർണമായി ഒഴിവാക്കിയതാണ് എളുപ്പത്തിൽ ലക്ഷ്യത്തിലെത്താൻ സഹായിച്ചതെന്ന് താരം പറയുന്നു. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും പാടെ ഒഴിവാക്കണം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണമെന്നാണ് താരം നിർദേശിക്കുന്നത്.