
ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിൽ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി അനന്യ. അന്ധാധുൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പായ ഭ്രമത്തിൽ സ്വപ്‌ന ദിനേശ് എന്ന കഥാപാത്രത്തെയാണ് അനന്യ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം കണ്ടിരുന്നുവെങ്കിലും താൻ കരുതിയത് പോലെയായിരുന്നില്ല സംവിധായകൻ രവി കെ ചന്ദ്രൻ സ്വപ്നയെ അണിയിച്ചൊരുക്കിയതെന്ന് അവർ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്...
' സിനിമയുടെ കഥ കേട്ടപ്പോൾ ഇഷ്ടം തോന്നി. ഒറിജിനൽ സിനിമ കണ്ടതുകൊണ്ട് കാരക്ടർ എന്താണെന്ന് അറിയാമായിരുന്നു. ആ വേഷം നല്ലതുപോലെ ഇഷ്ടപ്പെട്ടതു കൊണ്ടുതന്നെയാണ് ഓക്കെ പറഞ്ഞത്. പക്ഷേ, സ്വപ്‌ന എന്ന കഥാപാത്രത്തെ കുറിച്ച് സാറിന് നല്ല ധാരണയുണ്ടായിരുന്നു. ഞാൻ കരുതിയത് ആ കഥാപാത്രം ഹിന്ദിയിലെ പോലെ തന്നെയായിരിക്കും ഇവിടെയും അവതരിപ്പിക്കുക എന്നാണ്.
പക്ഷേ സാർ ഇതിൽ കുറച്ച് മാറ്റങ്ങൾ വരുത്തി. കഥാപാത്രത്തെ പൂർണമായും മലയാളീകരിച്ചു. മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു കാരക്ടർ ആകണം സ്വപ്‌ന എന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ദിനേശേട്ടാ എന്നൊക്കെ വിളിക്കുന്നത്.
പൊലീസ് സ്റ്റേഷനിൽ കയറി ചെന്ന് ഭർത്താവിന്റെ ഔദ്യോഗിക കാര്യങ്ങളിൽ പോലും ഇടപെടുന്നുണ്ട്. ആ സീനെല്ലാം അധികമായി ചേർത്തതാണ്. ഹിന്ദിയിൽ അതൊന്നും ഇല്ല. അതൊക്കെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്തു." അനന്യ പറഞ്ഞു.