
കണ്ണൂർ: ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഇടത് പാർട്ടികളുടെ പ്രധാന ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി. ഹിന്ദുത്വ വെല്ലുവിളികളെ മതേതരത്വത്തിലൂടെ മാത്രമേ മറികടക്കാനാകൂ. ഇതിനായി വിശാല മതേതര ഐക്യമുണ്ടാകണം. ഇടത് ഐക്യം ശക്തിപ്പെടണം.
ബിജെപിയുമായി സിപിഎം ഒരിക്കലും സന്ധി ചേർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി കോൺഗ്രസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ തോൽപ്പിക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനും മതേതര പാർട്ടികൾ പരമാവധി ഒന്നിച്ച് നിൽക്കേണ്ടതുണ്ട്.
മതേതര സെമിനാറിലേക്ക് വിളിച്ചിട്ട് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല. അങ്ങനെയുള്ളവരെ മതേതരത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് എങ്ങനെ ക്ഷണിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശശി തരൂർ, മണി ശങ്കർ അയ്യർ തുടങ്ങിയവരെയെല്ലാം പാർട്ടി കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ആരും എത്തിയിരുന്നില്ല. കെ വി തോമസിന്റെ കാര്യം കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയിൽ കേരള കേന്ദ്ര നേതൃത്വങ്ങളുടെ നിലപാടിൽ വൈരുദ്ധ്യങ്ങളില്ല. സർവേ കഴിഞ്ഞിട്ട് മറ്റു കാര്യങ്ങളെ കുറിച്ച് തീരുമാനിക്കാം. ഇന്ധനവിലയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ധനസെസും സർചാർജും കേന്ദ്രം പിൻവലിക്കണമെന്നും ധനികർക്ക് മേലാണ് കേന്ദ്രം നികുതി ചുമത്തേണ്ടതെന്നും യെച്ചൂരി ആവശ്യപ്പെട്ടു.