ahamed-murtaza-abbasi-isi

ലക്നൗ: ഉത്തർ പ്രദേശ് ഗൊരഖ്പൂരിലെ ഗൊരഖ്നാഥ് ക്ഷേത്രത്തിന് നേരെ ഞായറാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിൽ പ്രതിയായ അഹമ്മദ് മുർതാസ അബ്ബാസിയുമായി ബന്ധപ്പെട്ട ചില ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ട് യുപി പൊലീസും ആന്റി ടെററിസ്റ്റ് സ്‌ക്വാഡും (എടിഎസ്). ഇയാൾക്ക് ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്നും, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഐസിസിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതായും പൊലീസ് പറയുന്നു. ഇയാളെ ഇപ്പോൾ എടിഎസ് ചോദ്യം ചെയ്തു വരികയാണ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ക്ഷേത്രത്തോട് ബന്ധപ്പെട്ടുള്ള ഗൊരഖ്നാഥ് മഠത്തിന്റെ മഠാധിപതി.

ഇയാൾ 2016ൽ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് തീവ്രവാദത്തിന്റെ പാതയിലേക്ക് തിരിഞ്ഞത്. 2017-2018 കാലഘട്ടത്തിൽ ഐസിസിൽ ചേരുന്നതിന്റെ ഭാഗമായി നിരവധി തവണ ഇയാൾ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇത് പരാജയപ്പെടുകയായിരുന്നു. ഐസിസ് ബന്ധമുള്ള ചില മലയാളികളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. അവർ വഴി സിറിയയിലേക്ക് കടക്കാനും ഇയാൾ പദ്ധതി ഇട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കേന്ദ്ര ഏജൻസികൾ സംശയിക്കുന്ന ഐസിസ് ബന്ധമുള്ള 16 പേരുടെ കൂട്ടത്തിൽ മുർതാസയുടെ പേരും ഉള്ളതായി എടിഎസ് സംശയവും പ്രകടിപ്പിക്കുന്നുണ്ട്. രക്തസാക്ഷിത്വം നേടാനുള്ള ആഗ്രഹമാണ് ക്ഷേത്രത്തിലെ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. ഈ അക്രമണത്തിൽ ക്ഷേത്രത്തിന്റെ മുൻഗേറ്റിലുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.

അഹമ്മദ് മുർതാസ ബോംബെ ഐഐടി ബിരുദധാരിയാണെന്നും ഇയാൾ വളരെയധികം തീവ്രവൽക്കരിക്കപ്പെട്ടുവെന്നും സംസ്ഥാന പൊലീസ് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. ഐസിസുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റും ഇയാൾ ഓൺലൈനിലൂടെ സ്ഥിരമായി വായിച്ചിരുന്നു. ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും മറ്റ് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടിയിൽ നിന്ന് ആദ്യ ശ്രമത്തിൽ തന്നെ എല്ലാ പരീക്ഷകളും വിജയിച്ച മിടുക്കനായ വിദ്യാർത്ഥിയായിരുന്നു മുർതാസ. തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന സ്വഭാവമാണ് ഇയാളുടേത്. സമൂഹത്തിൽ നല്ല നിലയും വിലയുമുള്ള കുടുംബത്തിലെ അംഗമാണ് മുർതാസ. ഇയാളുടെ മുത്തച്ഛൻ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഗോരഖ്പൂരിലെ കളക്ടറായിരുന്നു. മുർതാസ ഒരു സ്വകാര്യ സ്ഥാപനത്തിലെ സോഫ്ട്‌വെയർ വിദഗ്ദ്ധനായിരുന്നു. ഒരു മൊബൈൽ ആപ്പ് പോലും ഇയാൾ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

മുർതാസയുടെ സ്വഭാവത്തെ പറ്റി കുടുംബക്കാർക്കിടയിൽ തന്നെ ചില ഭിന്നതകളുണ്ട്. ഇയാൾക്ക് ആത്മഹത്യ പ്രവണതയുണ്ടായിരുന്നതായും അന്തർമുഖനായിരുന്നുവെന്നും മുർതാസയുടെ പിതാവ് പറയുന്നു. കുടുംബത്തിൽ അടിച്ചമർത്തലിന്റെ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. രാവിലെ ആറു മണിക്ക് വീട്ടിൽ നിന്ന് പോയാൽ വൈകീട്ട് ഏഴ് മണിക്കേ തിരികെ വരു. തന്നോട് അധികം സംസാരിക്കാറുണ്ടായിരുന്നില്ല. മുർതാസ മതവിശ്വാസം കൂടുതൽ ഉള്ള ആളായിരുന്നു. രാത്രി 11 മണി ആകുന്നതുവരെ തങ്ങളുടെ മുറിയിൽ കയറില്ലെന്നും ഇയാളുടെ ഭാര്യ പറഞ്ഞു.