ee

സമയത്തെക്കുറിച്ച്

പോയകാലത്തിന്റെ അടയാളങ്ങൾ...

ദൂരെ, തേവരുടെയമ്പലത്തിൽ,

ബ്രാഹ്മമുഹൂർത്തത്തിനു മുമ്പേ മൂന്നുതവണ വെടി പൊട്ടും

ദേശങ്ങൾ തുളച്ചെത്തും ആ നാദം.

പലരേയും വിളിച്ചുണർത്തും

നേരംവെളുത്തു വരുമ്പോൾ ഇടവഴിയിൽ

പാൽക്കാരൻ ദാമുപണിക്കരുടെ സൈക്കിൾ ബെല്ല്,

ശബ്ദമുതിർക്കും ആകാശവാണിയിലന്നേരം പ്രഭാതവന്ദനം

സൂര്യകിരണങ്ങൾ മൂടൽമഞ്ഞു തുളച്ചു കീറുമ്പോൾ

ലോറികൾ ചുരം കേറിപ്പോകും ഊരിൽനിന്നും

ആടുകളുമായിറങ്ങുന്ന മണിയൻ തിരികെ പോകുന്നത്

പോക്കുവെയിലിൽ ലോറികൾ ചുരമിറങ്ങുമ്പോൾ.

പള്ളിക്കൂടത്തിൽവാച്ച് കെട്ടാത്ത കുട്ടൻ മാഷ്

വെയിൽ നോക്കി സമയമളക്കും.

മാഷിന്റെ ക്ലാസ് അടുത്ത ബെല്ലിനു തൊട്ടു മുന്നേ തീരും.

പറമ്പു പണിക്കുവന്നിരുന്ന കുട്ടിശങ്കരേട്ടൻ

വെയിലുദിക്കുമ്പോൾ കിളക്കാൻ തുടങ്ങും,

നിഴലന്നേരം മുന്നിലായിരിക്കും

സ്വന്തം നിഴൽ പിറകിലാവുമ്പോൾ പണി നിർത്തും.

സന്ധ്യ കഴിഞ്ഞാൽ പാടം കടക്കുന്ന ചൂട്ടു വെളിച്ചങ്ങൾ,

രാത്രിയിൽ തവള പിടുത്തക്കാരുടെ പെട്രോമാക്സ് തിളക്കങ്ങൾ,

നിശതൻ ഏഴാം യാമത്തിൽ ദൂരങ്ങൾ കടന്നെത്തുന്ന

അജ്ഞാതന്റെ പാട്ട് ഒക്കെ സമയത്തിന്റെ വെളിപാടാകും.

ആരൊക്കെ മറന്നാലും, പുതുചരിത്രമെഴുത്തായാലും

പുതുകാലമായാലും പുതുവഴികളായാലും

അതൊക്കെയിവിടെ കറങ്ങിനടപ്പുണ്ട്,

ചില പ്രാചീനഗന്ധങ്ങൾ പോലെ.

രക്തബന്ധങ്ങൾ പോലെ.

പിൻതുടരുന്നുണ്ട് പ്രകൃതിയുടെ ദൃഢാലിംഗനമായ്.