dileep

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർ‌ക്കെതിരെ നോട്ടീസ് അയക്കാൻ ബാർ കൗൺസിൽ തീരുമാനിച്ചു. നാളെ തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയക്കും. അഭിഭാഷകരായ ബി രാമൻപിള്ള,​ ഫിലിപ്പ് ടി വർഗീസ്,​ സുജേഷ് മേനോൻ എന്നിവർക്കാണ് നോട്ടീസ് അയക്കുന്നത്.


രാമൻ പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകിയെന്നുമാണ് നടി ബാർകൗൺസിലിന് നൽകിയ പരാതിയിൽ പറയുന്നത്. പ്രതികളുമായി ചേർന്ന് ഇരുപതിലേറെ സാക്ഷികളെ സ്വാധീനിച്ചു.

കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ പ്രതിയുടെ സഹായത്തോടെ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും വാഗ്ദാനം ചെയ്തു. ഇതൊക്കെയാണ് പ്രധാനമായും രാമൻപിള്ളയ്‌ക്കെതിരെ ഉയർത്തിയിരിക്കുന്ന ആരോപണങ്ങൾ.

നടിയെ ആക്രമിച്ച കേസിൽ രാമൻപിള്ളയ്‌ക്കെതിരെ തുടക്കം മുതൽ അന്വേഷണ സംഘം ആരോപണങ്ങളുന്നയിച്ചിരുന്നു. ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. സീനിയർ അഭിഭാഷകരായ രാമൻപിള്ളയുടേയും ഫിലിപ്പ് ടി വർഗീസിന്റെയും പ്രവൃത്തികൾ അഭിഭാഷകവൃത്തിക്ക് യോജിച്ചതല്ലെന്നും നടി പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

ആദ്യം നൽകിയ പരാതിയിലെ പിഴവുകൾ പരിഹരിച്ച് നടി പുതിയ പരാതി ബാർ കൗൺസിലിന് നൽകിയിരുന്നു. ഇതേ തുടർന്നാണ് ആരോപണ വിധേയരായ അഭിഭാഷകർക്കെതിരെ നോട്ടീസ് അയക്കാൻ ബാർ കൗൺസിൽ തീരുമാനിച്ചത്.