phto

സാഹസികത നല്ലതാണ്. എന്നാൽ സാഹസികതയുടെ പേരിൽ വിവേകമില്ലാത്ത എടുത്തുചാട്ടങ്ങൾ ജീവൻ പോലും നഷ്‌ടപ്പെടാൻ ഇടയാക്കുമെന്ന കാര്യം പലരും വിസ്‌മരിക്കുന്നു. ഫോട്ടോ ഷൂട്ടുകളിൽ നിറയുന്ന അപകടങ്ങളെക്കുറിച്ച് കേരളകൗമുദി ഏപ്രിൽ ആറിന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഈ രംഗത്തെ അപകടകരമായ എടുത്ത് ചാട്ടങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.

ജലാശയങ്ങൾ, പാറക്കെട്ടുകൾ എന്നിവിടങ്ങളിലെ ഫോട്ടോ ഷൂട്ടുകൾ കർശനമായി നിരോധിക്കേണ്ടതാണ്. അപകടകരമായ സാഹചര്യത്തിൽ സെൽഫി എടുക്കുന്ന രീതിയും തടയേണ്ടതുണ്ട്. അധികാരികൾ മാത്രമല്ല ഇത്തരം വിവേകമില്ലായ്‌മയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നവദമ്പതികളും രക്ഷിതാക്കളും ബോധവാന്മാരാകേണ്ടതാണ്.

സുരേഷ് എം.കെ .

ആറ്റുകാൽ

തിരുവനന്തപുരം

പാവപ്പെട്ട രോഗികൾ മരുന്ന് കഴിക്കേണ്ടേ ?

ജീവൻരക്ഷാ മരുന്നുകളുടെ വില കുതിച്ചുയരുമ്പോൾ പാവപ്പെട്ട രോഗികളുടെ ജീവിതമാണ് ഇരുട്ടിലായത്. മരണം വരെ മരുന്ന് കഴിക്കേണ്ട നിത്യരോഗികളുടെ എണ്ണം കേരളത്തിൽ വ‌ർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിലക്കയറ്റം കാരണം മരുന്നുപയോഗം അവസാനിപ്പിക്കേണ്ടി വരുമോ എന്നുപോലും അവർ ഭയക്കുന്നു.

പ്രമേഹം, കാൻസർ, ഹൃദ്രോഗം അടക്കമുള്ള രോഗികൾക്ക് ഇനി മുതൽ വൻ തുക മരുന്നിനായി കണ്ടെത്തേണ്ടി വരും.

വിലസംരക്ഷണ പട്ടികയിലെ മരുന്നുകളുടെ വില വർഷത്തിലൊരിക്കൽ പുനർനിർണയിക്കുമെങ്കിലും ഇത്രയും വലിയ വർദ്ധന ആദ്യമാണ്. വിലകൂട്ടാൻ കമ്പനികൾ പറയുന്ന ന്യായം അതേപടി വിഴുങ്ങാതെ ജനത്തിന്റെ ജീവൻ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ അധികാരികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതാണ്.

രാമമൂർത്തി

പാലക്കാട്