
ഇസ്താംബുൾ : ജമാൽ ഖഷോഗി വധകേസിൽ വിചാരണ നിർത്തിവയ്ക്കാനും കേസ് സൗദി അറേബ്യയ്ക്ക് കൈമാറാനും തുർക്കി കോടതി ഉത്തരവ്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ പങ്കും സംശയ നിഴലിലുള്ളതിനാൽ, കേസ് സൗദിയ്ക്ക് കൈമാറുന്നത് വിചാരണയെ ബാധിക്കുമെന്ന് ആരോപണമുണ്ട്.
2018 ഒക്ടോബർ 2നാണ് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. ഇസ്താബൂളിലുള്ള സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗിയെ കാണാതാവുകയായിരുന്നു. ഇദ്ദേഹത്തെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചെന്ന് കരുതുന്നു. കേസിൽ 26 പേർക്കെതിരെയാണ് തുർക്കിയിൽ വിചാരണ നടക്കുന്നത്. കേസിലെ പ്രതികളെന്ന് കണ്ടെത്തിയ ചിലർക്കെതിരെ സൗദി വിചാരണ നടത്തി ശിക്ഷ വിധിച്ചിരുന്നു.