
ന്യൂഡൽഹി: ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിന് ഒരു മുസ്ലീം പ്രാർത്ഥനാ ആപ്ലിക്കേഷൻ അടക്കം നിരവധി മൊബൈൽ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോർ നിരോധിച്ചതായി റിപ്പോർട്ട്. ക്ളോക്ക് ആപ്പ്, സ്പീഡ് ട്രാക്കർ, ബാർ കോഡ് സ്കാനർ എന്നീ നിരവധി ആപ്ളിക്കേഷനുകളിലും ഇതേ സ്പൈവെയർ കണ്ടെത്തിയിരുന്നു.
അമേരിക്കയിലെ വെർജീനിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രതിരോധ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് സ്പൈവെയർ ആപ്പുകൾക്ക് പിന്നിലെന്നാണ് ഗൂഗിൾ വെളിപ്പെടുത്തുന്നത്. ഈ ആപ്ളിക്കേഷനുകൾ നിർമിച്ചവർക്ക് ഈ കമ്പനി തങ്ങളുടെ സ്പൈവെയർ ആപ്പുകളിൽ സ്ഥാപിക്കുന്നതിന് വേണ്ടി വൻതുക കൈമാറിയെന്നും വിവരമുണ്ട്. ഒരിക്കൽ ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ വലിയ രീതിയിൽ ഉപയോഗിക്കാത്ത ആപ്പുകൾ കേന്ദ്രീകരിച്ചാണ് ഈ സ്പൈവെയറുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഏകദശം പതിനായിരത്തോളം ആൾക്കാരാണ് നിസ്കാരത്തിന് സഹായിക്കുന്ന ആപ്പ് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തത്. ക്ളോക്ക് ആപ്പും ഇതേ അളവിൽ തന്നെ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ആ ഫോണിലെ കോൺടാക്ട് നമ്പറുകൾ, പാസ്‌വേഡ്, അഡ്രസുകൾ തുടങ്ങി വ്യക്തിപരമായ നിരവധി വിവരങ്ങൾ ചോർത്താൻ പാകത്തിലാണ് സ്പൈവെയർ നിർമിച്ചിരിക്കുന്നത്.
ഈ ആപ്പുകൾ ഉപയോഗിക്കാതിരുന്നാൽ പോലും സ്പൈവെയറുകൾ പ്രവർത്തിച്ചുകൊണ്ടേ ഇരിക്കുമെന്നതാണ് ഇവയെ അപകടകാരിയാക്കുന്നത്. ഫോണിൽ നിന്നും ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുകയെന്നത് മാത്രമാണ് ഇതിനുള്ള പോംവഴി. ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്നും ഈ ആപ്പുകൾ മാറ്റികഴിഞ്ഞെങ്കിലും ഫോണിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്യാത്തിടത്തോളം സ്പൈവെയർ പ്രവർത്തിച്ചുകൊണ്ടെയിരിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി.