
കൊച്ചി: അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന നടനും തിരകഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധി പേർ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. നടൻ ആശുപത്രിയിലാണെന്ന് കേട്ടയുടനെ ആദരാഞ്ജലി പോസ്റ്റുകൾ ഇടുന്നവരെ വിമർശിച്ചു കൊണ്ട് നിർമാതാവ് മനോജ് രാംസിംഗ് രംഗത്തെത്തി. ആശുപത്രിയിൽ വച്ച് ശ്രീനിവാസനോട് താൻ ആദരാഞ്ജലി പോസ്റ്റുകളുടെ കാര്യം പറഞ്ഞിരുന്നെന്ന് മനോജ് ഫേസ്ബുക്കിൽ കുറിച്ചു. അതിന് മറുപടിയായി 'ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം' എന്നാണ് ശ്രീനിവാസൻ മറുപടി പറഞ്ഞതെന്നും മനോജ് കുറിച്ചു.
അതേസമയം ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വെന്റിലേറ്റർ സംവിധാനം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസൻ ഇപ്പോഴുള്ളത്. മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ രക്തമൊഴുക്കിന് തടസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 31ന് അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതോടെ അണുബാധ ഉണ്ടായി. ഇതിനെതുടർന്നാണ് വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
മനോജ് രാംസിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം" മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്.
ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല