
ന്യൂഡൽഹി: അമേരിക്കയുടെ വിലക്കുകൾ വകവയ്ക്കാതെ റഷ്യയുമായി ഇന്ത്യ മികച്ച ബന്ധം തുടരുന്നുണ്ടെങ്കിലും ഇരു രാഷ്ട്രങ്ങൾക്കും ഇടയിൽ സർവീസ് നടത്തുന്നത് തത്ക്കാലം നിർത്തിവയ്ക്കാനാണ് ഇന്ത്യയുടെ വിമാന സർവീസ് കമ്പനിയായ എയർ ഇന്ത്യയുടെ തീരുമാനം. ന്യൂഡൽഹിയിൽ നിന്നും മോസ്കോയിലേക്കും തിരിച്ചും ആഴ്ചതോറും രണ്ട് വിമാനസർവീസുകളാണ് എയർ ഇന്ത്യ നടത്തിയിരുന്നത്. ഇവ രണ്ടും താത്ക്കാലികമായി നിർത്തിവയ്ക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
പുതുക്കിയ ഇൻഷുറൻസ് നിയമങ്ങൾ പ്രകാരം റഷ്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ സാധിക്കില്ലെന്ന അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളുടെ പുതിയ നിബന്ധനയാണ് മോസ്കോ - ന്യൂഡൽഹി വിമാന സർവീസിന് തിരിച്ചടിയായത്. കഴിഞ്ഞ മാർച്ച് ഒന്നിനാണ് എയർ ഇന്ത്യയ്ക്ക് നിലവിലുണ്ടായിരുന്ന ഇൻഷുറൻസ് പോളിസിയുടെ കാലാവധി തീരുകയും ഏപ്രിൽ ഒന്ന് മുതൽ പുതിയ പോളിസി എടുക്കുകയും ചെയ്തത്. അന്ന് മുതൽ റഷ്യയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. റഷ്യ - യുക്രെയിൻ യുദ്ധം അവസാനിച്ച് കാര്യങ്ങൾ പൂർവസ്ഥിതിയിലെത്തിയാൽ മാത്രമേ ഇൻഷുറൻസ് കമ്പനികൾ റഷ്യയിലേക്കുള്ള സർവീസുകൾക്ക് പരിരക്ഷ നൽകാൻ സാദ്ധ്യതയുള്ളൂ. അതുവരെ നിലവിലെ സ്ഥിതി തുടരാൻ തന്നെയാണ് സാദ്ധ്യത.
എയർ ഇന്ത്യ തങ്ങളുടെ സർവീസ് നിർത്തലാക്കിയതോടെ തത്വത്തിൽ ഇന്ത്യയും റഷ്യയും തമ്മിൽ നേർക്കുനേർ ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര വിമാനങ്ങളും ഇല്ലാതായി. നേരത്തെ റഷ്യൻ വിമാന സർവീസ് കമ്പനിയായ എയിറോഫ്ളോട്ട് മോസ്കോയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും യുദ്ധം തുടങ്ങിയ സാഹചര്യത്തിൽ ആക്രമണങ്ങൾ ഭയന്ന് ആ സർവീസ് നിർത്തലാക്കുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് റഷ്യയിൽ പോകണമെങ്കിൽ താഷ്കെന്റ്, ഇസ്താംബുൾ, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ഏതെങ്കിലും ഒരു എയർപോർട്ട് വഴി കണക്ഷൻ ഫ്ലൈറ്റിലൂടെ മാത്രമേ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.