
കോട്ടയം: കർണാടകയിൽ വിനോദയാത്രയ്ക്കിടെ ഉഡുപ്പയിലെ ബീച്ചിൽ തിരയിൽപ്പെട്ട് മുങ്ങിമരിച്ച മലയാളി വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. ഏറ്റുമാനൂർ മംഗളം എൻജിനീയറിംഗ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ എൻജിനീയറിംഗ് വിദ്യാർത്ഥികളായ അലൻ റെജി (22), അമൽ സി അനിൽ (22), ആന്റണി ഷേണായി (21) എന്നിവരാണ് മരിച്ചത്. പാമ്പാടി, ഉദയംപേരൂർ, മൂലമറ്റം സ്വദേശികളാണ് വിദ്യാർത്ഥികൾ.
ബീച്ചിന് സമീപം പാറയിൽ നിന്ന് സെൽഫി എടുക്കവേ കടലിലേക്ക് വഴുതി വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പടെ 42 പേർ അടങ്ങുന്ന സംഘം കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ സെന്റ് മേരിസ് ഐലൻഡിലെ ഉഡുപ്പി ബീച്ചിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാൻ വിദ്യാർത്ഥികൾ പാറക്കെട്ടിൽ കയറിയത്.
42 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് വിനോദയാത്രയുടെ ഭാഗമായി കർണാടകയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു.
മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം ഉഡുപ്പി ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മാൽപെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.