
തിരുവനന്തപുരം: കാരോട് - മുക്കോല ബൈപ്പാസിന്റെ നിർമാണം മേയ് പകുതിയോടെ പൂർത്തിയാകുമെന്ന് തിരുവനന്തപുരം എം പി ശശി തരൂർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കു വേണ്ടി നിരവധി തവണ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടിരുന്നെന്നും അദ്ദേഹം ഈ പദ്ധതിയുടെ കാര്യത്തിൽ പ്രത്യേക താത്പര്യം എടുത്തിരുന്നെന്നും തരൂർ കുറിച്ചു.
2009 മുതൽ 2014 വരെ കേരളം ഭരിച്ച വി എസ് - ഉമ്മൻ ചാണ്ടി സർക്കാരുകൾ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ച തരൂർ എന്നാൽ നിലവിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത് ശ്രദ്ധേയമായി.
തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വളരെ നാളുകളുടെ കാത്തിരിപ്പിന് ശേഷം തിരുവനന്തപുരം നിവാസികൾക്കും, കേരളം വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ഒരുപോലെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് മുക്കോല -കാരോട് ബൈപ്പാസിന്റെ പൂർത്തീകരണം. 2022 മെയ് അവസാനത്തോട് കൂടി ബൈപ്പാസ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്നാണ് അറിയുവാൻ സാധിച്ചത്.
2009-2014 കാലഘട്ടത്തിൽ തന്നെ നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ നാൽപ്പത്തിരണ്ട് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത്. ഈ കാലഘട്ടത്തിൽ തന്നെ അന്നത്തെ സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് തുടക്കം കുറിക്കുകയും, കാലോചിതമായി തുടർനടപടി ക്രമങ്ങളിലേക്ക് കടക്കുകയും ചെയ്തു.
പല തവണകളായി പാർലമെന്റിലും, നേരിട്ടും ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്ഗരിയെ നേരിൽ കണ്ട് സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി തടസ്സങ്ങൾ ഓരോന്നായി നീക്കി തിരുവനന്തപുരത്തുകാരുടെ ചിരകാല സ്വപ്നം യാഥാർഥ്യമായിക്കോണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്ഗരിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.