
ലാഹോർ: പാകിസ്ഥാനിൽ ദേശീയ അസംബ്ളി പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടി. ദേശീയ അസംബ്ളി പിരിച്ചുവിട്ട നടപടി പാകിസ്ഥാൻ കോടതി റദ്ദാക്കി. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമോയത്തിന്മേൽ വോട്ടെടുപ്പ് നടത്താത്തത് ഭരണാഘടനാവിരുദ്ധമെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി റദ്ദാക്കി. ഇമ്രാൻ ഖാനെതിരായ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. .
സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പാകിസ്ഥാനെതിരെ വിദേശ ശക്തികളുടെ ഗൂഢാലോചന ആരോപിച്ചാണ് ഡെപ്യൂട്ടി സ്പീക്കർ ദേശീയ അസംബ്ളി പിരിച്ചുവിടുന്നത്. ഡെപ്യൂട്ടി സ്പീക്കറിന്റെ ഈ നടപടിയെയാണ് കോടതി ചോദ്യം ചെയ്തത്. ഉത്തരവ് ഇറക്കിയത് ഡെപ്യൂട്ടി സ്പീക്കറാണെങ്കിലും ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത് സ്പീക്കറുടെ പേരിലാണെന്നും ഇത് ക്രമവിരുദ്ധമായ കാര്യമാണെന്നും നേരത്തെ തന്നെ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ വിശ്വാസവോട്ടെടുപ്പ് നടന്നാൽ ഇമ്രാൻ ഖാന് ഭൂരിപക്ഷം തെളിയിക്കാൻ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല ഭരണകക്ഷിയിലെ അംഗങ്ങൾ വരെ ഇമ്രാന് എതിരെ വോട്ട് രേഖപ്പെടുത്താനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ ശനിയാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടന്നാൽ ഇമ്രാൻ സർക്കാർ പുറത്തേക്ക് പോകാതിരിക്കാൻ വലിയ അത്ഭുതങ്ങൾ നടക്കേണ്ടി വരും.