
ന്യൂഡൽഹി: വെടിക്കെട്ട് ബാറ്റിംഗിലൂടെ മുംബയ് ഇന്ത്യൻസിനെ തകർത്തു വിട്ട ഓസ്ട്രേലിയൻ നായകൻ കൂടിയായ പാറ്റ് കമ്മിൻസിനെ ഓൾറൗണ്ടർമാരുടെ പട്ടികയിൽപ്പെടുത്താൻ പലരും മടി കാണിക്കാറുണ്ട്. ഐ സി സി യുടെ ഏകദിന - ടി ട്വന്റി ഓൾറൗണ്ടർമാരുടെ ആദ്യ പത്ത് സ്ഥാനങ്ങളിൽ കമ്മിൻസിന് സ്ഥാനമില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ ടെസ്റ്റിലെ മികച്ച ഓൾറൗണ്ടർമാരുടെ പട്ടിക എടുത്താൽ എട്ടാം സ്ഥാനത്ത് കമ്മിൻസ് ഉണ്ട്.
കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കമ്മിൻസ് നടത്തിയ പ്രകടനം കണ്ട ആരും ഈ കണക്കുകൾ വിശ്വസിക്കാൻ കൂട്ടാക്കില്ല. കാരണം ബോൾ ചെയ്യുമ്പോൾ അവസാന ഓവറുകളിൽ റൺസ് വിട്ടുകൊടുത്തെങ്കിലും അതുവരെ കൊൽക്കത്തയുടെ മികച്ച ബൗളർമാരിൽ ഒരാൾ തന്നെയായിരുന്നു കമ്മിൻസ്. ബാറ്റിംഗിന്റെ കാര്യം പിന്നെ പറയേണ്ട. ഡാനിയേൽ സാംസ് എറിഞ്ഞ 16ാം ഓവറിൽ മാത്രം അടിച്ചുകൂട്ടിയത് 35 റൺസാണ്.
എന്നിട്ടും എന്തുകൊണ്ടാകാം കമ്മിൻസിന് ഓൾറൗണ്ടർമാരുടെ പട്ടികയിൽ കാണാത്തത് എന്ന് ചോദിച്ചാൽ, ഫാസ്റ്റ് ബൗളറായ സാംസിനെതിരെ നടത്തിയ പ്രകടനം കമ്മിൻസിന് ഒരിക്കലും ഒരു സ്പിന്നറിനെതിരെ നടത്താൻ സാധിക്കില്ലെന്നത് തന്നെ. ഫാസ്റ്റ് ബൗളർമാരെ കയ്യിൽ കിട്ടിയാൽ കമ്മിൻസ് അടിക്കും, അതിനി ഏത് പിച്ചായാലും ശരി തന്നെ. അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് മുംബയ്ക്കെതിരായ മത്സരം. മറ്റെല്ലാ ബാറ്റർമാരും റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ പുഷ്പം പോലെയാണ് കമ്മിൻസ് പന്ത് അതിർത്തി കടത്തിയത്. എന്നാൽ മറുവശത്ത് സ്പിന്നർ ആയിരുന്നെങ്കിൽ കഥ മാറിയേനെ.
കമ്മിൻസിന്റെ ഏറ്റവും വലിയ പ്രശ്നവും അതുതന്നെയാണ്. സ്പിന്നർമാരെ നന്നായി കളിക്കുന്ന വെങ്കിടേഷ് അയ്യർ മറുവശത്ത് ഉണ്ടായിരുന്നതായിരുന്നു എന്നതാണ് മുംബയ്ക്കെതിരെ കമ്മിൻസിന് അനുകൂലമായി വന്ന ഏറ്റവും വലിയ ഘടകം. വെങ്കിടേഷ് അയ്യർ ഇല്ലായിരുന്നുവെങ്കിൽ ഒരുകാരണവശാലും മുംബയ് ക്യാപ്ടൻ രോഹിത് ശർമ്മ സാംസിനെ പോലൊരു ഫാസ്റ്റ് ബൗളറെ ആ സാഹചര്യത്തിൽ കൊണ്ടുവരികയില്ലായിരുന്നു.
കമ്മിൻസിനെ വേണമെങ്കിൽ ഒരു ഡെത്ത് ഓവർ സ്പെഷലിസ്റ്റ് എന്ന് വിളിക്കാം. അവസാന ഓവറുകളിൽ ഫാസ്റ്റ് ബൗളർമാരെ അടിച്ചകറ്റുന്നതിന് കമ്മിൻസിനെ നമുക്ക് ഉപയോഗിക്കാം. പക്ഷേ മിഡിൽ ഓർഡറിൽ, പ്രത്യേകിച്ച് സ്പിന്നർമാർ അരങ്ങുതകർക്കുന്ന മിഡിൽ ഓവറുകളിൽ കമ്മിൻസിന് ചെയ്യാൻ പ്രത്യേകിച്ച് ഒന്നുമുണ്ടാകില്ല. തന്റെ ബാറ്റിംഗിലെ ഈയൊരു കുറവ് നികത്താൻ കമ്മിൻസിന് സാധിച്ചാൽ റാങ്കിംഗ് പട്ടികയിൽ മുന്നിലെത്താൻ അധികം താമസമുണ്ടാകില്ല.