
വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധു ആത്മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടിക്ക് ശുപാർശ. ആരോപണ വിധേയയായ ജൂനിയര്‍ സുപ്രണ്ട് അജിത കുമാരിയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും. മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷ്ണറുടെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി.
ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അതിനിടെ, സിന്ധുവിന്‍റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചില സഹപ്രവർത്തകരുടെ പേരുകൾ ഡയറിയിലുണ്ട്. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചിട്ടുണ്ട്.
എന്നാൽ ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിന്‍റെ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പും വിശദമായി പരിശോധിക്കും.
ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടിൽ മാനന്തവാടി സബ് ആർ.ടി.ഒ ഓഫീസിലെ സീനിയർ ക്ലർക്കായിരുന്ന സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.