
കൽപ്പറ്റ: മാനന്തവാടി സബ് ആർ.ടി ഓഫീസ് സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ഡയറിക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ചാണ് പ്രധാനമായും ഡയറിയിൽ പറയുന്നത്. മോട്ടർ വാഹനവകുപ്പിലെ ജോലിക്കു പ്രത്യേക പരിശീലനം ആവശ്യമാണെന്നും അഴിമതിക്കു തയാറല്ലെങ്കിൽ സർക്കാർ ജോലിക്കു നിൽക്കരുതെന്നും കുറിപ്പിൽ പറയുന്നു.
മറ്റുള്ളവരുടെ കാപട്യം തനിക്കു മനസിലാക്കാൻ കഴിഞ്ഞില്ല. കൈക്കൂലി വാങ്ങിയില്ലെങ്കിൽ നിങ്ങൾക്കു സ്വസ്ഥത ഉണ്ടാകില്ല. ജോലി കൃത്യമായി ചെയ്യാനായി ദൈവത്തെ വിളിച്ചു കരഞ്ഞു. ജോലി പോകുമോയെന്നു ഭയമുണ്ട്.- എന്നും ഡയറി കുറിപ്പിൽ പറയുന്നുണ്ട്.
താൻ മാത്രമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും, വീട്ടുകാർ നിരപരാധികളാണെന്നും ഡയറിക്കുറിപ്പിലുണ്ട്. സിന്ധുവിന്റെ മുറിയിൽ നിന്ന് ഡയറിയും എട്ട് പേജുള്ള കുറിപ്പുകളുമാണ് പൊലീസ് കണ്ടെടുത്തത്.
എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ ആഗസ്തിയുടെയും ആലീസിന്റെയും മകൾ സിന്ധുവിനെ (42) രണ്ട് ദിവസം മുമ്പാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സിന്ധു വയനാട് ആർ ടി ഒ മോഹൻദാസിനെ നേരിൽ കണ്ട്, ഓഫീസിലെ അന്തരീക്ഷത്തെക്കുറിച്ച് പരാതി അറിയിച്ചിരുന്നു.