
ആലപ്പുഴ : അമിതവില ഈടാക്കുന്നെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പരാതിപ്പെട്ട കണിച്ചുകുളങ്ങരയിലെ പീപ്പിൾസ് ഹോട്ടലിൽ മുട്ടക്കറിക്കും അപ്പത്തിനും വില കുറച്ചു. 50 രൂപയായിരുന്ന മുട്ട റോസ്റ്റ് ഇനി 40 രൂപയ്ക്ക് ലഭിക്കും. 15 രൂപയായിരുന്ന അപ്പത്തിന്റെ വില പത്തു രൂപയാക്കി. വെജിറ്റബിൾ കുറുമ 90 രൂപയ്ക്ക് ലഭിക്കും. നേരത്തെ നൂറു രൂപയായിരുന്നു വില.
അഞ്ച് അപ്പത്തിനും രണ്ട് മുട്ട കറിക്കും 184 രൂപ ഈടാക്കിയെന്നാണ് എം.എൽ.എ കളക്ടർക്ക് നൽകിയ പരാതി. സിവിൽ സപ്‌ളൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വില കൂടുതലാണെന്ന് കണ്ടെത്തിയെങ്കിലും വില ഏകീകരണ നിയമമില്ലാത്തതിനാൽ നടപടിയെടുക്കാനാവില്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. ഇതിനു പിന്നാലെയാണ് ഹോട്ടൽ അധികൃതർ വില കുറയ്ക്കാൻ തീരുമാനിച്ചത്.