sreenivasan-reghunath-pal

ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസൻ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പാലേരി. തിരിച്ചുവരവ് ആശംസിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം എത്തിയത്.

'എന്റെ തട്ടാൻ ഭാസ്‌ക്കരൻ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാലപണിയും' എന്നാണ് രഘുനാഥ് പാലേരി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പൊന്മുട്ടയിടുന്ന താറാവിന്റെ തിരക്കഥാകൃത്തായിരുന്നു രഘുനാഥ് പാലേരി.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ശ്രീനിവാസൻ ഇപ്പോൾ. മാർച്ച് 30നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ രക്തസംക്രമണത്തിന് തടസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം ബൈപാസ് സർജറിക്ക് വിധേയനാക്കി.

ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. അതേസമയം നടൻ മരിച്ചെന്ന രീതിയിൽ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം ഉണ്ടായിരുന്നു.