shaji-thomas-

ചിറ്റാർ: ഏതെങ്കിലും കേസിൽ തന്നെ പ്രതിയാക്കി ജയിലിലടയ്ക്കൂ എന്ന് ആവശ്യപ്പെട്ട് ചിറ്റാർ സ്റ്റേഷനിലെത്തിയ യുവാവിനെ പൊലീസുകാർ മടക്കി അയച്ചതോടെ സ്വകാര്യ ബസിന് കല്ലെറിഞ്ഞ് കേസുണ്ടാക്കി. തുടർന്ന് സ്റ്റേഷനിലെത്തിച്ചപ്പോൾ ഗ്രേഡ് എ.എസ്.ഐയെ ചവിട്ടി. കസേരകളും സ്‌കാനറും തല്ലിത്തകർത്തു. അതോടെ കല്ലെറിഞ്ഞതിനും സ്റ്റേഷനിലെ അതിക്രമത്തിനും ഇയാൾക്കെതിരെ രണ്ട് കേസെടുത്തു. ചിറ്റാർ മണക്കയം സ്വദേശി ഷാജി തോമസാണ് (അച്ചായി40) അതിക്രമം കാട്ടിയത്. ഗ്രേഡ് എ.എസ്.ഐ സുരേഷ് പണിക്കർക്കാണ് ചവിട്ടേറ്റത്. സ്റ്റേഷനിൽ 25,000 രൂപയുടെ നാശനഷ്ടം ഉണ്ടായി. ബുധനാഴ്ച വൈകിട്ട് നാലോടെ കഞ്ചാവ് ലഹരിയിലായിരുന്നു അതിക്രമം. ഇതിന്റെ വീഡിയോ ഇന്നലെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഷാജിയെ അനുനയിപ്പിച്ച് മടക്കിയയച്ചതിനെ തുടർന്നാണ് അതുവഴി വന്ന സ്വകാര്യബസിനു കല്ലെറിഞ്ഞത്. ഗ്ലാസുകൾ തകർന്നതോടെ ഇയാളെ ബസ് ജീവനക്കാർ പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയിരുന്നു. ഷാജി മുമ്പ് സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. പത്തനംതിട്ടയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസും തിരുവല്ലയിൽ നിന്ന് സ്വകാര്യ സ്‌കൂളിന്റെ ബസും കടത്തിക്കൊണ്ടുപോയതിന് ഇയാൾക്കെതിരെ കേസുണ്ട്. നിരവധി മോഷണക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചിറ്റാറിൽ കഞ്ചാവ് എത്തിച്ചുനൽകുന്ന ഇടനിലക്കാരനാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.