
തിരുവനന്തപുരം: യഥാസമയം ബില്ല് സമർപ്പിക്കാത്തതു കാരണം കെ.എസ്.ആർ.ടി.സിക്ക് പ്ലാൻ ഫണ്ടിൽ നിന്ന് ലഭിക്കേണ്ട 40.37 കോടി രൂപ നഷ്ടമായി. 99.91 കോടി രൂപയാണ് സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ആർ.ടി.സിയുടെ പ്ലാൻ ഫണ്ടിന് വകയിരുത്തിയിരുന്നത്. ഇതിൽ 87.20 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. അതിൽ നിന്നാണ് 40.37 കോടി രൂപ നഷ്ടമായത്.
ഭീമമായ കടക്കെണിയിൽ മുന്നോട്ടു പോകുന്ന കോർപ്പറേഷന് ഈ നഷ്ടം വരുത്തിവച്ചത് ചില ജീവനക്കാരുടെ ഉദാസീനമായ സമീപനമാണെന്നാണ് സൂചന. നേരത്തെ ബില്ലുകൾ സമർപ്പിക്കാത്തതാണ് വിനയായത്. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലാണ് സാധാരണ ബില്ലുകൾ നൽകുന്നത്. ഇത്തവണ മാർച്ച് 28നും 29നും പണിമുടക്കായിരുന്നു. ശേഷിച്ച രണ്ടു ദിവസംകൊണ്ട് കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോയതുമില്ല. ഒരു യൂണിയൻ ഒഴികെ എല്ലാ യൂണിയനുകളും സംയുക്തമായി നടത്തിയ പണിമുടക്കായതിനാൽ ഈ നഷ്ടത്തെ മാനേജ്‌മെന്റ് പോലും തള്ളിപ്പറയുന്നുമില്ല. സാധാരണ പ്ലാൻ ഫണ്ടിൽ നഷ്ടമായ തുക പിന്നീട് കിട്ടാറില്ല. അഥവാ കിട്ടിയാൽ തന്നെ അടുത്ത വർഷത്തെ പ്ലാൻ ഫണ്ടിലെ തുകയിലേക്ക് ലയിപ്പിക്കുയാണ് ചെയ്യുന്നത്.
ഈ സാമ്പത്തിക വർഷം 105 കോടി രൂപയാണ് പ്ലാൻ ഫണ്ടായി കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചിരിക്കുന്നത്. ഈ വർഷം ഈ തുകയ്ക്ക് പുറമെ ആവശ്യമുള്ളപക്ഷം കഴിഞ്ഞ വർഷം ലഭിക്കാതിരുന്ന 40.37 കോടി രൂപ ഉൾപ്പെടെ ധനകാര്യ വകുപ്പിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.
നടപടി ക്രമങ്ങൾ പാലിച്ച് 78.73 കോടി രൂപ റിലീസ് ചെയ്യുന്നതിന് വേണ്ടി ട്രഷറിയിൽ ബിൽ സമർപ്പിച്ചിരുന്നെന്നും എന്നാൽ 40.37 കോടി രൂപ ധനകാര്യ വകുപ്പ് പിൻവലിച്ചത് കാരണം 38.36 കോടി രൂപ മാത്രമേ ലഭിച്ചിരുന്നുള്ളു എന്നും അതിനാലാണ്
40.37 കോടി രൂപ ലഭിക്കാത്തതുമെന്നുമാണ് വിശദീകരണം. അതേ സമയം തുക നഷ്ടപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് അംഗീകൃത തൊഴിലാളി സംഘടനയായ കെ.എസ്.ടി എംപ്ലോയീസ് സംഘ് രംഗത്തെത്തിയിട്ടുണ്ട്.