
കൊച്ചി: ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത വാട്സാപ്പ് ചാറ്റുകളിൽ ഒന്ന് ഇറാൻ സ്വദേശിയായ ഗുൽച്ചന്റെയാണെന്ന് ക്രൈംബ്രാഞ്ച്. ഇയാൾ മലയാള ചിത്രങ്ങൾ ഇറാനിൽ മൊഴിമാറ്റം നടത്തി പ്രദർശിപ്പിക്കുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. ദിലീപിന്റെ നിരവധി ചിത്രങ്ങളും ഇയാൾ മലയാളത്തിൽ നിന്നും മൊഴിമാറ്റിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപ് ഫോൺ വിവരങ്ങൾ നശിപ്പിച്ചത്. ഫോണിലെ സുപ്രധാന വിവരങ്ങൾ മായ്‌ച്ചു കളയനായി അയച്ച മുംബയിലെ ലാബിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ നിന്നാണ് ഗുൽച്ചന്റെ വിവരങ്ങൾ ലഭിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിരവധി തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. നടൻ ദിലീപും മറ്റ് പ്രതികളും ഹൈക്കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകളിൽ 11161 വീഡിയോകളും 11238 ശബ്ദ സന്ദേശങ്ങളും കണ്ടെത്തി. രണ്ട് ലക്ഷത്തിലധികം ചിത്രങ്ങൾ, 1597 രേഖകൾ എന്നിവയും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടേതാണ് ആറു ഫോണുകൾ.
ദിലീപിന്റേതായിരുന്നു മൂന്ന് ഫോണുകൾ. ഒരെണ്ണം സുരാജിന്റേതാണ്. ദിലീപിന്റെ രണ്ടു ഫോണുകളിൽ നിന്ന് മാത്രം 10879 ശബ്ദ സന്ദേശങ്ങളും 65384 ചിത്രങ്ങളും 6682 വീഡിയോകളും 779 രേഖകളും ലഭിച്ചു. ഈ രണ്ട് ഫോണുകളുടെ വിവരങ്ങൾ മാത്രം പതിമ്മൂവായിരത്തോളം പേജുകൾ വരും. രണ്ട് ലക്ഷത്തിലധികം പേജുകളുള്ള ഫോറൻസിക്ക് റിപ്പോർട്ടിൽ നിന്ന് വിവരങ്ങൾ തരം തിരിക്കുകയാണ് പൊലീസ് സംഘം.