
ന്യൂഡൽഹി: ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് വാചാലനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണ് ഇംഗ്ലീഷിന് പകരമാകേണ്ടതെന്ന് അമിത് ഷാ പറഞ്ഞു. പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് പ്രാദേശിക ഭാഷകളിൽ നിന്നുള്ള വാക്കുകൾ സ്വീകരിച്ച് ഹിന്ദിയെ വഴക്കമുള്ളതാക്കണമെന്നും അല്ലെങ്കിൽ അത് പ്രചരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. വേദിയിൽ ഹിന്ദിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ഔദ്യോഗിക ഭാഷ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി.
രാജ്യത്തെ പൗരന്മാർ പരസ്‌പരം ആശയവിനിമയം നടത്തുമ്പോൾ എപ്പോഴും ഇന്ത്യൻ ഭാഷകൾ ഉപയോഗിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഭാഷയുടെ ഉപയോഗത്തിന് സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
എട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഈ സംസ്ഥാനങ്ങൾ പത്താം ക്ലാസ് വരെയുള്ള സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.