
ന്യൂഡൽഹി: കെ വി തോമസിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കെ പി സി സിയുടെ നിർദേശം വരട്ടെ, എന്താണ് ചെയ്യേണ്ടതെന്ന് അപ്പോൾ നേതൃത്വം ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'പാർട്ടിയിൽ നിന്ന് പുറത്തുപോയാൽ കൊല്ലുന്നവരാണ് ജനാധിപത്യത്തെക്കുറിച്ച് ഞങ്ങളോട് പറയുന്നത്. സത്യത്തിൽ വലിയ വിരോധാഭാസമാണ്. കെ വി തോമസിന്റെ കാര്യം ചർച്ച ചെയ്യുന്നതിനൊപ്പം ജി സുധാകരന്റെ കാര്യവും അവർ ചർച്ച ചെയ്യട്ടെ. എന്തുകൊണ്ടാണ് ജി സുധാകരൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്തത്. അതും അവർ ചർച്ച ചെയ്യട്ടെ.' കെ സി വേണുഗോപാൽ പറഞ്ഞു.
സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കരുതെന്ന് എ ഐ സി സി നിർദേശം നൽകിയിരുന്നു. കൂടാതെ പാർട്ടിക്ക് പുറത്തുപോകാൻ താത്പര്യമുണ്ടെങ്കിലേ സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് പോകാവൂവെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും വിലക്കിയിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ വി തോമസ്. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.