
കൗമുദി ടി വി ഓൺലൈൻ യാത്രാ പരിപാടിയായ "പ്ലാനറ്റ് സെർച്ച് വിത്ത് എം എസ്" അതിന്റെ മൂന്നാം ഭാഗത്തിലേക്കു കടക്കുന്നു. ആദ്യത്തെ രണ്ടു ഭാഗങ്ങളിൽ തെക്കേ അമേരിക്കയിലെ ബ്രസീലിലെ കാഴ്ചകൾ ലോക വിസ്മയങ്ങളിലേക്കും ചരിത്ര സാമൂഹിക പശ്ചാത്തലത്തിലേക്കും പോകുന്നു. ഏറെ താല്പര്യത്തോടു കൂടിയാണ് ഓരോ സുഹൃത്തുക്കളും ഇത് സ്വീകരിച്ചത്.
ഇത്തവണത്തെ യാത്ര തെക്കു കിഴക്കേ ഏഷ്യയിലെ വിയറ്റ്നാമിലേക്കാണ്. ലോക പൊലീസ് ചമയുന്നവരെ മുട്ട് കുത്തിച്ച വിയറ്റ്നാമിലേക്ക്. വിയറ്റ്നാമിനെ ആക്രമിച്ചു തരിപ്പണമാക്കാൻ 20 വർഷം നീണ്ട യുദ്ധത്തിലൂടെ ശ്രമിച്ച അമേരിക്കയുടെ പതനവും അവിടെ നിന്നുള്ള പലായനവും ചരിത്ര പ്രസിദ്ധമാണ്. ഈ ചരിത്രങ്ങളൊക്കെ ഹോ ചിമിൻ സിറ്റിയിലെ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ സമരത്തിൽ വിയറ്റ്നാമിനോടൊപ്പം നിന്ന ഇന്ത്യയെ വളരെ പ്രാധാന്യത്തോടു കൂടിത്തന്നെ ഇവിടെ ഓർക്കുന്നു.
ഡൽഹി എയർപ്പോർട്ടിൽ വന്നിറങ്ങിയ വിയറ്റ്നാമീസ് പ്രസിഡന്റ് ഹോ ചിമിനെ സ്വീകരിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ഡോ രാജേന്ദ്ര പ്രസാദ്, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എന്നിവരെ നമുക്ക് കാണാം വാർത്താ ചിത്രങ്ങളിൽ. ഒപ്പം മലയാളികളുടെ അഭിമാനമായ വി കെ കൃഷ്ണ മേനോനെയും. വളരെ സൂക്ഷ്മതയോടെയാണ് ചരിത്ര വസ്തുക്കൾ ഇവിടെ ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.
വിയറ്റ്നാമിലെ കാട്ടിലും നാട്ടിലും ഒക്കെ അമേരിക്ക തളിച്ച ഏജന്റ് ഓറഞ്ചിന്റെ വിഷ വാതക രൂക്ഷതയും നമ്മൾ കാണുന്നു. ഇപ്പോൾ 50 ലക്ഷം കുട്ടികളാണ് അംഗ വൈകല്യത്തോടെ അവിടെ ജീവിക്കുന്നത്. മനോഹരമായ ചെറു നദികളിലൂടെ വിയറ്റ്നാമിന്റെ നെല്ലറയായ മെക്കോങ് ഡെൽറ്റയിലേക്കും നമ്മൾ യാത്ര ചെയ്യുന്നു. തിരക്കേറിയ ഹോ ചിമിൻ സിറ്റിയിലൂടെയുള്ള സൈക്കിൾ റിക്ഷാ യാത്ര കൗതുകമുള്ളതാണ്.
ചരിത്രമുറങുന്ന പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള യാത്ര അപൂർവ അനുഭവമായി മാറുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഇടം നേടിയ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച പ്രസിഡന്റിന്റെ കൊട്ടാരമാണിത്. ലോക രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചിരുത്തി ചർച്ചകൾ നടത്തിയ സ്ഥലം. കേരള കൗമുദി ലണ്ടൻ ലേഖകനും "പ്ലാനറ്റ് സെർച്ച് വിത്ത് MS" എന്ന യു ട്യൂബ് ചാനലിന്റെ എഡിറ്ററുമായ മണമ്പൂർ സുരേഷും, പത്നി ജയശ്രീയും കൂടി നടത്തിയ യാത്രകളാണിത്. മൂന്നാം എപ്പിസോഡ് ഇവിടെ കാണാം.