
അമരാവതി : ആന്ധ്രാപ്രദേശിലെ നർസിപട്ടണത്തുള്ള എൻടിആർ ആശുപത്രിയിൽ പ്രസവം നടന്നത് മൊബൈൽ ഫോണിന്റെ വെട്ടത്തിൽ. ലേബർ റൂമിലേക്ക് പെട്ടെന്ന് ഫോണുകളും മെഴുകുതിരികളും ടോർച്ച് ലൈറ്റുകളും അടിയന്തരമായി എത്തിക്കുവാനാണ് ഗർഭിണികളുടെ ബന്ധുക്കളോട് നഴ്സുമാർ ആവശ്യപ്പെട്ടത്. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ആശുപത്രിയിലെ ജനറേറ്ററും പ്രവർത്തിക്കാതിരുന്നതാണ് കാരണം. സംസ്ഥാനത്ത് എട്ട് മണിക്കൂറോളം പവർക്കട്ട് നിലനിൽക്കുന്നതിനാൽ ആശുപത്രികളുടേത് ഉൾപ്പടെ പ്രവർത്തനം തടസപ്പെടുകയാണ്.
സംസ്ഥാനത്തെ പ്രധാന ആശുപത്രിയിൽ പോലും വൈദ്യുതി മുടങ്ങുന്നത് പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനവ്യാപകമായി മണിക്കൂറുകളാണ് വൈദ്യുതി മുടങ്ങിയത്. ജംഗറെഡ്ഡിഗുഡെം ഏരിയാ ആശുപത്രിയിൽ നിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈദ്യുതി നിലയ്ക്കുമ്പോൾ ജനറേറ്ററുകളിൽ ഡീസൽ ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഇവിടെ രാത്രി മുഴുവൻ ആശുപത്രി ഇരുട്ടിലായിരുന്നു.
Baby born using cell phone light, candles & torch (attendants were asked to arrange) as there was no power supply for several hours & generator was not working at NTR govt Hosp #Anakapalle #Narsipatnam #AndhraPradesh; 'hell inside for pregnant women, baby n moms' @ndtv @ndtvindia pic.twitter.com/9nr1EGMtbr
— Uma Sudhir (@umasudhir) April 8, 2022
വേനൽക്കാലത്ത് ഉപഭോഗം കൂടിയതോടെയാണ് സംസ്ഥാനത്ത് വൈദ്യുതക്ഷാമം രൂക്ഷമായത്. ഇതിനെ നേരിടാൻ ആന്ധ്രാപ്രദേശ് വൈദ്യുതി വകുപ്പ് 50 ശതമാനം പവർ കട്ട് പ്രഖ്യാപിച്ചു. എന്നാൽ ഇതോടെ സംസ്ഥാനത്തെ ജനജീവിതം കൂടുതൽ ദുസ്സഹമായി. പ്രതിദിനം അഞ്ച് ലക്ഷം യൂണിറ്റിന്റെ കമ്മിയാണ് ആന്ധ്രാപ്രദേശ് നേരിടുന്നത്.