atm-cards

മുംബയ്: ബാങ്കിടപാടിൽ പുത്തൻ മാറ്റം വരുത്താനൊരുങ്ങി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. കാർ‌ഡ് രഹിത ഇടപാടുകൾ ഇനി മുതൽ എല്ലാ ബാങ്കുകളിലേയ്ക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. യുപിഐ മുഖേനയായിരിയ്ക്കും കാർഡ് രഹിത ഇടപാടുകൾ നടക്കുക.

കാർഡ് സ്‌കിമ്മിംഗ്, കാർഡ് ക്ലോണിംഗ് തുടങ്ങിയ സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. യുപിഐ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന എല്ലാ എടിഎമ്മുകളും കാർഡ് രഹിത ഇടപാടുകൾ നടത്താൻ ആർബിഐ ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആർബിഐ നിയന്ത്രിത സ്ഥാപനമായ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. രണ്ട് പേരുടെ ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ തൽക്ഷണം തന്നെ പണം കൈമാറാൻ യുപിഐ മുഖാന്തരം സാധിക്കുന്നു.

എടിഎമ്മുകളിലൂടെ കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം നിലവിൽ ചില ബാങ്കുകൾ നൽകുന്നുണ്ട്. എന്നാൽ യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലേക്കും എടിഎം നെറ്റ്‌വർക്കുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാൻ ആർബിഐ നിർദ്ദേശിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, കൊ‌ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആർബിഎൽ ബാങ്ക് എന്നിവയാണ് നിലവിൽ കാർഡില്ലാതെ പണം പിൻവലിക്കാൻ സൗകര്യമൊരുക്കുന്ന ബാങ്കുകൾ.