narain

മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് നരേൻ. 'എന്റെ മഴ" എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. അഭിനയത്തിന്റെ തുടക്കകാലത്ത് തിരക്കഥ ആവശ്യപ്പെട്ടതിന്റെ പേരിൽ സിനിമയിൽ നിന്നും മാറ്റി നിറുത്തപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് നരേൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്.

'പഴയ ചില സിനിമകളൊക്കെ കാണുമ്പോൾ അതുപോലൊരു വേഷം കിട്ടിയിരുന്നുവെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ട്. രാജാവിന്റെ മകൻ, സന്മനസുള്ളവർക്ക് സമാധാനം, ന്യൂഡൽഹി പോലുള്ള സിനിമകൾ പോലുള്ളവ. അതുപോലെ കമലഹാസന്റെ നായകൻ ചിലപ്പോൾ നമ്മൾ നല്ല സിനിമകൾ കണ്ടു തുടങ്ങിയ കാലമായതു കൊണ്ടാകാം. ഈ സിനിമകളെല്ലാം ഇപ്പോഴും പവർഫുളായിട്ട് നിൽക്കുകയാണ്.

എല്ലാ സമയവും നല്ല സിനിമകൾ കിട്ടണമെന്നില്ല. ചിലപ്പോൾ നമ്മളിലേക്ക് കറ‌ക്‌ടായ പടങ്ങൾ വരും. ചിലപ്പോൾ വരില്ല. അതല്ലാതെ ഇൻഡസ്ട്രി എന്നിലെ നടനെ വേണ്ടതുപോലെ പരിഗണിച്ചില്ലെന്ന് കുറ്റപ്പെടുത്താനൊന്നും പറ്റില്ല.

ചിലപ്പോൾ തമിഴിൽ തിരക്ക് വന്നതുകൊണ്ടാകും മലയാളത്തിൽ പലതും കിട്ടാതെ പോയത്. എന്തായാലും ഇനി മലയാളത്തിൽ കൂടുതലായി ശ്രദ്ധിക്കാനാണ് തീരുമാനം. തുടക്കകാലത്ത് മലയാള സിനിമയിൽ സ്ക്രിപ്ട് ചോദിച്ചതിന്റെ പേരിൽ മാറ്റി നിറുത്തിയിട്ടുണ്ട്. ഇപ്പോൾ അതൊന്നും ഇല്ല.

ആ ജനറേഷൻ മാാറി പുതിയ ജനറേഷൻ വന്നു. കുറൽ ആണ് ഇനി റിലീസാകുന്ന തമിഴ് ചിത്രം. ഓട്ടിസം ബാധിച്ച ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ആദ്യമായിട്ടാണ് അങ്ങനെയാരു വേഷം ചെയ്യുന്നത്. മറ്റൊരു ചിത്രം മലയാളത്തിലും തമിഴിലുമായി എത്തുന്ന അദൃശ്യം ആണ്. "