sc-mullapperiyar

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള മുഴുവന്‍ അധികാരങ്ങളും പുതിയ അതോറിറ്റി വരുന്നതു വരെ മേല്‍നോട്ട സമിതിയ്ക്കുണ്ടായിരിയ്ക്കും. മേല്‍നോട്ട സമിതി പുനസംഘടിപ്പിക്കാനും നിർദ്ദേശമുണ്ട്.

രണ്ടാഴ്ചയ്ക്കകം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓരോ സാങ്കേതിക വിദഗ്‌ദ്ധരെ കൂടി സമിതിയിൽ ഉൾപ്പെടുത്തും. സമിതിയ്ക്കു മുന്‍പാകെ പൊതുജനങ്ങള്‍ക്കും പരാതി ഉന്നയിക്കാന്‍ സാധിക്കും. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് മേല്‍നോട്ട സമിതി മേയ് ഏഴിന് സുപ്രീം കോടതിയിൽ നല്‍കണം.

അതേസമയം മേൽനോട്ട സമിതി അദ്ധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഡാം സുരക്ഷാ അതോറിറ്റി പ്രവർത്തനക്ഷമമാകാൻ ചുരുങ്ങിയത് ഒരു വർഷമെടുക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അതുവരെ മേൽനോട്ട സമിതി തുടരട്ടെയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.