maulana-fazlur-rehman

ഇസ്ലാമാബാദ് : കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതോടെ ഇമ്രാൻ ഖാന്റെ പരാജയം പൂർണമായിരിക്കുകയാണ്. അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെയും പ്രസിഡന്റ് ആരിഫ് ആൽവിയുടെയും നടപടി പ്രഥമദൃഷ്ട്യാ ഭണഘടനാ വിരുദ്ധമെന്നാണ് സുപ്രീംകോടതി വിധിച്ചത്. പ്രതിപക്ഷത്തിന്റെ ഐക്യവും സ്വന്തം പാളയത്തിലെ പടയുമാണ് ഇമ്രാന് ഇപ്പോഴത്തെ അവസ്ഥ സമ്മാനിച്ചത്. എന്നാൽ ഇതിനായി വർഷങ്ങളായി അശ്രാന്തം പണിയെടുത്ത ഒരു നേതാവ് പാകിസ്ഥാനിലുണ്ട്. ഇമ്രാൻ ഡീസൽ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന ആ നേതാവ് ഫസ്ലുർ റഹ്മാൻ ഖാനാണ്.


ഫസ്ലുർ റഹ്മാൻ ഖാൻ

പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് തലവനായ ഫസ്ലുർ റഹ്മാനാണ് ഇമ്രാൻ ഖാന്റെ വിക്കറ്റെടുത്ത ബൗളർ എന്ന് നിസംശയം പറയാം. 2018ൽ നടന്ന പാക് പൊതു തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനാവാത്ത നേതാവാണ് ഫസ്ലുർ റഹ്മാൻ. എന്നിരുന്നാലും പാർലമെന്റിന് പുറത്ത് ഇമ്രാനെതിരെ പട നയിക്കാൻ ഈ നേതാവ് ഉണ്ടായിരുന്നു. ഇതിനായി രൂപീകരിച്ച പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ (പിഡിഎം) എന്ന സംയുക്ത പ്രതിപക്ഷ മുന്നണിയുടെ തലവനായിരുന്നു ഫസ്ലുർ റഹ്മാൻ. രണ്ട് മുൻനിര പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാൻ മുസ്ലീം ലീഗ്നവാസ് (പിഎംഎൽഎൻ), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയെ ഇമ്രാനെതിരെ കൂട്ടിയിണക്കാൻ കഴിഞ്ഞു എന്നതാണ് ഈ സഖ്യത്തിന് കരുത്തായത്.

ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സ്വേച്ഛാധിപത്യം അടിച്ചേൽപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിനാൽ ഇത് ഉടനടി പിൻവലിക്കണമെന്നുമാണ് ഫസ്ലുർ റഹ്മാൻ പ്രതികരിച്ചത്. ഈ വാക്കുകളോട് സാമ്യമുള്ള പദങ്ങളാണ് ഇന്നലെ സുപ്രീം കോടതിയും ഇമ്രാന് പ്രഹരം നൽകാൻ ഉപയോഗിച്ചത്.
ഇമ്രാനെതിരെ വെള്ളിയാഴ്ച പാകിസ്ഥാനിലുടനീളം 'ഭരണഘടനാ സംരക്ഷണ ദിനം' ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കെയാണ് പ്രതിപക്ഷത്തിന് ആശ്വാസ വിധിയുണ്ടായത്.


തുടക്കം മുതൽ ഇമ്രാനെതിര്
2018ലെ തിരഞ്ഞെടുപ്പിൽ തോറ്റുവെങ്കിലും ഇമ്രാനെതിരെ നിരന്തരം ആക്രമണം നടത്തിയ നേതാവായിരുന്നു ഫസ്ലുർ റഹ്മാൻ ഖാൻ. 2019 അവസാനം അദ്ദേഹത്തിന്റെ സംഘടനയായ ജമിയത്ത് ഉലമ ഇ ഇസ്ലാംഫസ്ലൂർ ഇമ്രാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഉപരോധിച്ചു. താമസിയാതെ ഈ സമരത്തിന് പ്രതിപക്ഷ പാർട്ടികളായ പിഎംഎൽഎന്നും പിഡിപിയും പിന്തുണ പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ മദ്രസ സ്‌കൂളുകളുടെ ശൃംഖലയ്ക്ക് നേതൃത്വം നൽകുന്ന മൗലാന ഫസലുർ റഹ്മാൻ 'ഇമ്രാനെ നീക്കം ചെയ്യുക' എന്ന കാമ്പയിൻ ആരംഭിച്ചതും വാർത്താ പ്രാധാന്യം നേടി.

നയാ പാകിസ്ഥാൻ എന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ ഇമ്രാന്റെ പിഴവുകൾ ഒന്നൊന്നായി പുറത്തേക്ക് വലിച്ചിട്ടതും, ഐക്യ പ്രതിപക്ഷം ഊട്ടി ഉറപ്പിക്കാനായതുമാണ് ഫസ്ലുർ റഹ്മാനെ ഇമ്രാന്റെ എതിരാളികളുടെ പ്രിയങ്കരനാക്കുന്നത്.

ഡീസൽ

ഫസ്ലുർ റഹ്മാനെ ഇമ്രാൻ സ്ഥിരമായി വിശേഷിപ്പിക്കുന്നത് ഡീസൽ എന്ന വാക്ക് ഉപയോഗിച്ചാണ്. ബേനസീർ ഭൂട്ടോ സർക്കാരിൽ പ്രവർത്തിച്ച സമയത്ത് 1996ൽ പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതല വഹിച്ചതിനാലാണ് ഈ പേര് ഇമ്രാൻ ചാർത്തിയത്. എന്നാൽ മദ്രസകളിലൂടെ മത കാര്യങ്ങളിൽ ആഴത്തിൽ വേരുകളുള്ള ഫസ്ലുർ റഹ്മാനെ ഡീസൽ എന്ന് വിളിക്കരുതെന്ന് പാകിസ്ഥാൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്വ തന്നെ നേരിട്ട് ഇമ്രാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പിന്നീട് വെളിപ്പെടുത്തിയതും ഇമ്രാൻ തന്നെയാണ്.