
മനുഷ്യന്റെ നശിച്ച ചർമകോശങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞർ. കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ ഒരു പുതിയ പരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ഇതിനെ വിജയകരമായ ചികിത്സാരീതിയാക്കി ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കഴിയുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
പ്രായം കൂടുന്നതനുസരിച്ച് ശരിയായ രീതിയിൽ പ്രവർത്തിക്കാനുള്ള കോശങ്ങളുടെ കഴിവും നഷ്ടപ്പെടുന്നു. ഇതിന്റെ ഭാഗമായാണ് മനുഷ്യരിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്. ഇങ്ങനെ പ്രവർത്തന രഹിതമായ കോശങ്ങളെ വീണ്ടും പ്രവർത്തിപ്പിക്കാനായി സ്റ്റെം സെല്ലുകളിൽ നിന്നും ഫൈബ്രോബ്ലാസ്റ്റുകൾ നിർമിക്കുകയാണ് ഗവേഷകർ ആദ്യം ചെയ്തത്. ഫൈബ്രോബ്ലാസ്റ്റുകൾ ഉണ്ടാകുന്നതിലൂടെ അതിലെ കൊളാജൻ കോശങ്ങൾക്ക് ഘടന നൽകുന്നതിനും മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു. നോബൽ സമ്മാനം നേടിയ ഒരു പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോശത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനുള്ള പരീക്ഷണം ഗവേഷകർ നടത്തിയത്.
മനുഷ്യ കോശത്തിന്റെ റീപ്രോഗ്രാമിംഗ് അല്ലെങ്കിൽ പുനരുജ്ജീവനം എന്ന വിഷയത്തെകുറിച്ച് വളരെ കാലമായി നടത്തിക്കൊണ്ടിരിക്കുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്താൻ കഴിഞ്ഞതെന്നും, വിജയകരമായ തങ്ങളുടെ ഈ പരീക്ഷം ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പരീക്ഷണത്തിന് നേതൃത്വം നൽകിയ ഗവേഷകൻ ഡോ. ദിൽജീത് പറഞ്ഞു.