google-multi-search

പുതിയ മൾട്ടി സെർച്ച് സംവിധാനം അവതരിപ്പിച്ച് ടെക് ഭീമനായ ഗൂഗിൾ. ഒരു കാര്യത്തെ പറ്റി ഇന്റർനെറ്റിൽ തിരയാനായി ഒരേ സമയം തന്നെ വാക്കുകളും ചിത്രങ്ങളും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തിൽ കൂടുതൽ കൃത്യതയാർന്ന സെർച്ച് റിസൾട്ടായിരിക്കും ഇതിലൂടെ ലഭിക്കുക. നിലവിൽ അമേരിക്കയിൽ മാത്രമാണ് ബീറ്റാ ഫീച്ചറായി ഇത് ലഭിക്കുക. വൈകാതെ എല്ലാ ഉപയോക്താക്കൾക്കുമായി ഇത് അവതരിപ്പിക്കും. ഇംഗ്ലീഷ് ഭാഷ മാത്രമാണ് ഇപ്പോൾ ബീറ്റ പതിപ്പിലുള്ളത്. പ്രാദേശിക ഭാഷയിലും സെർച്ച് ചെയ്യാൻ സാധിക്കുന്ന തരത്തിലേക്ക് ഈ ഫീച്ചർ വിപുലപ്പെടുത്തുമെന്നാണ് കരുതുന്നത്.

ഒരു വസ്തുവിന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്റർനെറ്റിൽ തിരയാനുള്ള ഇമേജ് സെർച്ച് സംവിധാനം ഗൂഗിളിൽ നിലവിലുണ്ട്. ഇതിൽ ഫോൺ കാമറ ഉപയോഗിച്ച് എടുക്കുന്നതോ അല്ലെങ്കിൽ ഗാലറിയിൽ ഉള്ളതോ ആയ ചിത്രത്തെ ഗൂഗിളിൽ അപ്ലോഡ് ചെയ്ത് സെർച്ച് ചെയ്യാം. എന്നാൽ ആ ചിത്രത്തിനൊപ്പം ടെക്സ്റ്റ് ചേർക്കാൻ സാധിക്കില്ല. ഇതിൽ നിന്ന് വ്യത്യസ്തമായാണ് മൾട്ടി സെർച്ച് സംവിധാനം പ്രവർത്തിക്കുക. അപ്ലോഡ് ചെയ്യുന്ന ചിത്രത്തിനൊപ്പം അതുമായി ബന്ധപ്പെട്ട എന്ത് വിവരമാണ് അറിയേണ്ടത് എന്നു കൂടി ടൈപ്പ് ചെയ്ത് ചേർക്കാം. ഉപയോക്താവിന് ആവശ്യമായ വിവരം എന്താണോ അത് കൂടുതൽ കൃത്യതയോടെ അന്വേഷിക്കാൻ സാധിക്കും.


ഗൂഗിൾ ലെൻസ് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുക. നിലവിലെ ഇമേജ് സെർച്ചും, ക്യൂ ആർ കോഡ് സ്‌കാനിംഗും ഈ ആപ്പ് വഴി ചെയ്യാനാകും. ലെൻസ് ആപ്പ് ഉപയോഗിക്കാതെ തന്നെ ഗൂഗിളിന്റെ വശത്തായുള്ള ക്യാമറ ഐക്കൺ ഉപയോഗിച്ചും ഈ സേവനം ഉപയോഗപ്പെടുത്താം. ഇത് ഉപയോഗപ്പെടുത്തുന്നതിനായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ഐഫോണിലോ ഗൂഗിൾ ആപ്പ് തുറക്കുക. ശേഷം വലതുവശത്തായുള്ള ലെൻസ് ക്യാമറ ഐക്കൺ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ ഗൂഗിൾ ലെൻസ് ആപ്പ് തന്നെ തുറക്കുക. ഇതിൽ നിങ്ങളുടെ മുന്നിലെ വസ്തുവിന്റെ ഫോട്ടോ എടുക്കുകയോ അല്ലെങ്കിൽ നേരത്തെ എടുത്തുവെച്ച സ്‌ക്രീൻഷോട്ടോ, ഗാലറിയിലെ ഫോട്ടോയോ അപ്‌ലോഡ് ചെയ്യുക. സെർച്ച് കൊടുത്താൽ ആ ചിത്രത്തിനെ ഗൂഗിൾ വിശകലനം ചെയ്യുകയും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്‌ക്രീനിൽ കാണിക്കുകയും ചെയ്യും. ഇങ്ങനെയാണ് നിലവിലെ ഇമേജ് സെർച്ച് ചെയ്യുന്നത്. ഇതിന് സമാനമായി തന്നെയാണ് മൾട്ടി സെർച്ചും പ്രവർത്തിക്കുന്നത്. ഫോട്ടോ അപ്ലോഡ് ചെയ്ത ശേഷം മുകളിലേക്ക് സ്വയ്പ് ചെയ്യണം. അവിടെ ആഡ് ടു യുവർ സെർച്ച് എന്ന ഭാഗത്ത് നിങ്ങൾക്ക് ചേർക്കേണ്ട വിവരം ടൈപ്പ് ചെയ്ത് ചേർക്കാം. ശേഷം സെർച്ച് ചെയ്യുക.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) സാങ്കേതിക വിദ്യയിലൂടെയാണ് തങ്ങൾ ഈ നേട്ടം കൈവരിച്ചതെന്നും കൂടുതൽ സ്വാഭാവികമായ രീതിയിൽ നിങ്ങൾക്ക് ചുറ്റമുള്ള ലോകത്തെ മനസിലാക്കുന്നതിന് ഇത് സഹായിക്കുമെന്നും ഗൂഗിൾ പറഞ്ഞു. 'മം' എന്ന പുതിയ എഐ സെർച്ച് മോഡലിന്റെ സഹായത്തോടെ വികസിപ്പിച്ച ഇത് ഇനിയും മെച്ചപ്പെടുത്താനുള്ള വഴികൾ തേടുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.