
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സുപ്രധാന ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് ഗൂഢാലോചനയിൽ കാവ്യ മാധവന് പങ്കുണ്ടെന്നാണ് സൂചന.
കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇത് ദിലീപ് ഏറ്റെടുത്തതാണെന്ന് സുരാജ് പറയുന്നത് ശബ്ദ രേഖയിൽ കേൾക്കാം. സുരാജിന്റെ ഫോണിൽ നിന്നാണ് ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖ വീണ്ടെടുത്തത്.
നടിയെ ആക്രമിച്ച കേസിൽ മൂന്ന് ശബ്ദരേഖയാണ് അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. സുരാജും ശരതും തമ്മിലുള്ളതാണ് ഒന്നാമത്തേത്. അഭിഭാഷകനായ സുരേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടർ ഹൈദരാലിയും സുരാജും തമ്മിൽ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.
അതേസമയം കേസിൽ തിങ്കളാഴ്ച തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് കാട്ടി കാവ്യയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖകൾ മുൻനിർത്തിയാകും ചോദ്യം ചെയ്യൽ.