pooram

തൃശൂർ: കൊവിഡിന്റെ നിയന്ത്രണങ്ങളെത്തുട‌ർന്ന് പ്രഭ നഷ്‌ടപ്പെട്ട കേരളത്തിന്റെ സ്വന്തം തൃശൂർപൂരം ഇത്തവണ പൊടിപൊടിക്കുമെന്ന് ഉറപ്പ്. പൂരം വെടിക്കെട്ടിന് ഇത്തവണ കേന്ദ്ര ഏജൻസിയായ പെസയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷവും കൊവി‌ഡ് നിയന്ത്രണങ്ങളെത്തുടർന്ന് പൂരപ്പറമ്പിൽ ആസ്വാദകർക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. അതിനാൽ മേളം, ആന, വെടിക്കെട്ട് ആരാധകർക്ക് മതിയാവോളം ആസ്വദിക്കാൻ കഴിഞ്ഞില്ല.

എന്നാൽ ഇത്തവണ ജില്ലാ ഭരണകൂടത്തിന്റെയും പിന്നാലെ കേന്ദ്ര ഏജൻസിയായ പെസയുടെയും അനുമതി കിട്ടിയതോടെ പൂരം പഴയ പൊലിമയിൽ നടത്താനാകുമെന്ന ഉത്സാഹത്തിലാണ് ദേവസ്വങ്ങൾ. മേയ് 10നാണ് പൂരം. മേയ് എട്ടിന് സാമ്പിൾ വെടിക്കെട്ടും. മേയ് 11ന് പുലർച്ചെ പൂരം വെടിക്കെട്ടും നടക്കും. അമിട്ട്, കുഴിമിന്നൽ, മാലപ്പടക്കം തുടങ്ങിയവയ്‌ക്കെല്ലാം പെസ അംഗീകാരം നൽകിയതോടെ മുൻകാലത്തെ അതേ ഗാംഭീര്യത്തോടെ പൂരം നടത്താനുള‌ള ഒരുക്കത്തിലാണ് ദേവസ്വങ്ങൾ.