rajeev

കൽപ്പറ്റ: ഓഫീസിലെ മാനസിക പീഡനംമൂലം മാനന്തവാടി സബ് ആർ.ടി ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധു ജീവനൊടുക്കിയ സംഭവത്തിൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടിക്ക് സാദ്ധ്യത. സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടിയെടുക്കുമെന്നാണ് സൂചന. സംഭവത്തിൽ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വേഷണം പൂർത്തിയായി. സബ് ആർ.ടി ഒാഫീസിലും സിന്ധുവിന്റെ എള്ളുമന്ദത്തെ വീട്ടിലുമെത്തി മൊഴിയെടുത്തു. റിപ്പോർട്ട് തിങ്കളാഴ്ച ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.ആർ.അജിത്കുമാറിന് കൈമാറും. മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം.

ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ പ്രാഥമിക റിപ്പോർട്ടിനെ തുടർന്ന് അവധിയിൽ പ്രവേശിച്ച ജൂനിയർ സൂപ്രണ്ട് അജിതകുമാരി ഇന്നലെ ഓഫീസിലെത്തി മൊഴി നൽകി. അജിതകുമാരിയുടെ പേര് ആത്മഹത്യാകുറിപ്പിലും ഡയറിക്കുറിപ്പിലും സിന്ധു സൂചിപ്പിച്ചിരുന്നു.

അതിനിടെ സംഭവം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. വയനാട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറും ജില്ലാ പൊലീസ് മേധാവിയും 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥിന്റെ നിർദ്ദേശം.