modi-pinarayi

കോട്ടയം: കണ്ണൂരിൽ നടക്കുന്നത് സി പി എം പാർട്ടി കോൺഗ്രസല്ലെന്നും, കോൺഗ്രസ് പാർട്ടിയെ നശിപ്പിച്ച് ബി ജെ പിയെ സഹായിക്കുന്നതിനുള്ള ചർച്ചകളാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. കേരളത്തിൽ സി പി എമ്മിന് ഒരുകാലത്തും കോൺഗ്രസുമായി സന്ധി ചെയ്യാൻ സാധിക്കില്ലെന്നും അത്തരത്തിലൊരു നിലപാട് എടുത്താൽ സിൽവർ ലൈനിന്റെ കാര്യത്തിൽ പ്രധാനമന്ത്രി അടക്കമുള്ള ബി ജെ പി നേതാക്കൾ എതിരാകുമെന്ന ഭയം പിണറായി വിജയൻ അടക്കമുള്ള സി പി എം നേതൃത്വത്തിനുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു.

കോൺഗ്രസും ഇടത് കക്ഷികളും ഒരുമിച്ച് നിൽക്കില്ലെന്ന ഉറപ്പ് പിണറായി വിജയൻ മോദിക്ക് നൽകിയിട്ടുണ്ടെന്നും ഏത് ചെകുത്താനുമായും കൂട്ടുകൂടി കോൺഗ്രസിനെ തകർക്കണമെന്ന പഴയകാല നേതാക്കളുടെ നിലപാടാണ് ഇപ്പോഴത്തെ നേതാക്കന്മാർക്കുമെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസ് തകർന്നാലും സംസ്ഥാനത്ത് ബി ജെ പി ജയിക്കണമെന്ന് ഒരുപറ്റം സി പി എം നേതാക്കന്മാർ ആഗ്രഹിക്കുന്നുണ്ടെന്നും അത്തരക്കാരാണ് സി പി എം നേതൃത്വത്തിൽ നിലവിലുള്ളതെന്നും സതീശൻ പറഞ്ഞു.

പാർട്ടി തീരുമാനം അനുസരിക്കേണ്ട ബാധ്യത പാർട്ടി അംഗമെന്ന നിലയിൽ കെ വി തോമസിനുണ്ടെന്ന് സി പി എം സെമിനാ‌ർ വിവാദത്തിൽ സതീശൻ പ്രതികരിച്ചു. സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് പാർട്ടി അനുമതിയില്ലാതെ കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുമോ എന്നും സതീശൻ ചോദിച്ചു. ഇക്കാര്യത്തിൽ കെ പി സി സി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം നേതൃത്വം എടുക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.