
കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗ സൂപ്പർ ജയിന്റ്സിന് ക്വിന്റൺ ഡി കോക്കിന്റെ ( 52 പന്തിൽ 80) തുടക്കത്തിലെ വെടിക്കെട്ട് ബാറ്റിംഗിന്റേയും യുവതാരം ആയുഷ് ബദോനിയുടെ ക്ലിനിക്കൽ ഫിനിഷിംഗിന്റേയും പിൻബലത്തിലാണ് ജയിച്ചു കയറിയത്. സീസണിലെ തന്റെ രണ്ടാമത്തെ അർദ്ധ സെഞ്ച്വറി നേടിയഡി കോക്കിന്റെ ഇന്നിംഗ്സിൽ 9 ഫോറും 2സിക്സും ഉൾപ്പെടുന്നു.
അഞ്ച് പന്തിൽ ജയിക്കാൻ അഞ്ച് റൺസ് എന്ന നിർണായക ഘട്ടത്തിൽ ക്രീസിലെത്തിയ ബദോനി നേരിട്ട ആദ്യ പന്ത് ബീറ്റണാക്കിയെങ്കിലും അടുത്ത രണ്ട് പന്തുകളിൽ യഥാക്രമം ഫോറും സിക്സും നേടി ലക്നൗവിന് വിജയം സമ്മാനിക്കുകയായിരുന്നു. യാതൊരു സമ്മർദ്ദവും ഇല്ലാതെ പരിചയ സമ്പന്നനായ ഷർദ്ദുൽ താക്കൂറിനെ അതിർത്തിയിലേക്ക് പറത്തിയ ബദോനിക്ക് ഈ വിജയം 3 തവണ ട്രയലിന് പോയിട്ടും തന്നെ പരിഗണിക്കാതിരുന്ന ഡൽഹി ടീമിനോടുള്ള പകവീട്ടൽ കൂടിയായി. ഡൽഹി സ്വദേശിയായ ഈ 22 കാരൻ റിഷഭ് പന്ത് കളി പഠിച്ച താരക് സിൻഹയുടെ സോണറ്റ് ക്ലബിലൂടെയാണ് ഉയർന്നു വന്നത്. മൂന്ന് തവണ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ ട്രയൽസിന് പോയപ്പോഴും 20ൽ താഴെ പന്തിൽ ബദോനി അർദ്ധ സെഞ്ച്വറി കുറിച്ചിരുന്നു. എന്നാൽ മെഗാലേലത്തിൽ ബദോനിയെ ഡൽഹി പാടെ തഴഞ്ഞു. ഗൗതംഗംഭീറിന്റെ ഇടപെടലിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ലക്നൗ ബദോനിയ്ക്ക് മുന്നിൽ വാതിൽ തുറക്കുകയായിരുന്നു.
ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും ലക്നൗ മാനേജ്മെന്റ് ബദോനിക്ക് അവസരം നൽകി. അവസരങ്ങൾ കൃത്യമായി ഉപയോഗിച്ച് ഒരു അർദ്ധ സെഞ്ച്വറിയുൾപ്പെടെ മികച്ച ബാറ്റിംഗുമായി നിറഞ്ഞാടുന്ന ബദോനി ഇത്തവണത്തെ ഐ.പി.എല്ലിന്റെ കണ്ടെത്തലായാണ് വിലയിരുത്തപ്പെടുന്നത്.
പന്തിന് പിഴ
ലക്നൗവിനോട് വഴങ്ങിയ 6 വിക്കറ്റിന്റെ തോൽവിക്ക് പിന്നാലെ ഡൽഹി ക്യാപ്ടൻ റിഷഭ് പന്തിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴശിക്ഷ. കൃത്യസമയത്ത് ഓവർ തീർക്കാൻ കഴിയാതിരുന്നതിനാൽ 12 ലക്ഷം രൂപയാണ് ഐ.പി.എൽ ഭരണ സമിതി പന്തിന് പിഴയായി വിധിച്ചത്.