raheem

ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാനുള‌ള കെ.വി തോമസിന്റെ തീരുമാനം വന്നതോടെ അദ്ദേഹത്തെ കോൺഗ്രസ് ജാതി അധിക്ഷേപം നടത്തുകയാണെന്ന് എ.എ റഹീം എം.പി. എന്നെ തിരുത തോമ എന്ന് വിളിച്ച് കോൺഗ്രസുകാർ അവഹേളിക്കുന്നു, ഞാനൊരു മത്സ്യതൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണെന്ന് കെ.വി തോമസ് നെഞ്ചുപൊട്ടിയാണ് പറഞ്ഞതെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ എ.എ റഹീം പറഞ്ഞു.

ബിജെപിയെ പോലെ കോൺഗ്രസും ജാതി അധിക്ഷേപം ശീലമാക്കിയിരിക്കുന്നെന്ന് റഹീം വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ 'ചെത്തുകാരന്റെ മകൻ' എന്ന് വിളിച്ച് ആക്ഷേപിക്കാൻ ശ്രമിച്ചതും ഇതേ കോൺഗ്രസാണ്. മുഖ്യമന്ത്രിയെ രാഷ്‌ട്രീയമായി നേരിടാനും കെ.വി തോമസിനെ വിലക്കുന്നതിനെ യുക്തിസഹമായി വിമർശിക്കാനും കഴിയാതെ വരുമ്പോഴാണ് ജാതിയും കുലവും ഉപയോഗിച്ച് വിമർശിക്കുന്നതെന്നും എ.എ റഹീം ചൂണ്ടിക്കാട്ടി.

എ എ റഹീമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

'എന്നെ തിരുതാ തോമായെന്നു വിളിച്ചു കോൺഗ്രസ്സുകാർ അവഹേളിക്കുന്നു...
അതെ,ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്.'
വൈകാരികമായി
ശ്രീ കെ വി തോമസ് ഇന്നലെ പറഞ്ഞ വാക്കുകളാണിത്.
ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നു.
കേരളത്തിന്റെ സർവ്വാദരണീയനായ മുഖ്യമന്ത്രിയെ 'ചെത്തുകാരന്റെ മകൻ'
എന്ന് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിച്ചതും
ഇതേ കോൺഗ്രസാണ്.
ചെത്തുകാരന്റെ മകൻ ചെത്താൻ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ്സ് ബോധം.
മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്ന ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളേജ് അധ്യാപകനാകുന്നു,
പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു...
'ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ...'
തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് ശ്രീ കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്.
മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും,
കെ വി തോമസിനെ,
രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു
ചർച്ചചെയ്യുന്ന ഒരു സെമിനാറിൽ നിന്ന്
എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെവരമ്പോൾ,
ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോൺഗ്രസ്സ് സംസ്‌കാരത്തിന് പരോഗമന കേരളം മറുപടി നൽകും.