kk

കൊച്ചി: ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്തത് നടിയെ ആക്രമിച്ച കേസിലെ തെളിവുകളെന്ന് വെളിപ്പെടുത്തി ഹാക്കർ സായ് ശങ്കർ. മാദ്ധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സായ് ശങ്കർ പുറത്തുവിട്ടത്. രണ്ട് ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ദിലീപിന്റെ ഫോണിലെ രേഖകള്‍ മായ്ച്ച് കളഞ്ഞതെന്നും വധഗൂലോചനക്കേസിലെ തെളിവുകളേക്കാളുപരി നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണ് ഐ ഫോണുകളില്‍ നിന്ന് മായ്ച്ച് കളഞ്ഞതെന്നും സായ് ശങ്കര്‍ പറഞ്ഞു.

താൻ നശിപ്പിച്ച തെളിവുകളിൽ കോടതി രേഖകളുമുണ്ടെന്ന് സായ് ശങ്കർ പറഞ്ഞു. കോടതി സീലുളളതും ഇല്ലാത്തതുമായ രേഖകൾ ഉണ്ടായിരുന്നു. .തെളിവുകൾ നശിപ്പിക്കാനെന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്. രണ്ട് ഫോണുകളിലെ തെളിവുകളാണ് താൻ നശിപ്പിച്ചത്. ഇതൊരിക്കലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് പറഞ്ഞു. അഡ്വ ഫിലിപ് ടി വർഗീസാണ് ഇക്കാര്യം പറഞ്ഞത്. തെളിവുകൾ നീക്കം ചെയ്യുമ്പോൾ ദിലീപും ഒപ്പമുണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ വെളിപ്പെടുത്തി.

ജനുവരി 29 നും 30 നും ഹയാത് ഹോട്ടലിലെ മുറിയില്‍ ഈ രേഖകള്‍ മായ്ക്കലായിരുന്നു ജോലി. പലപ്പോഴും ഇത് പുലര്‍ച്ചെ മൂന്ന് മണിവരെ നീണ്ടെന്നും സായ് ശങ്കര്‍ പറഞ്ഞു. എല്ലാ ഫോണിലും ഉണ്ടായിരുന്നത് ഒരേ രേഖകള്‍ തന്നെയായിരുന്നു. ഫോണുകളില്‍ നിന്ന എന്താണ് മായ്ച്ച് കളയേണ്ടതെന്ന് പറഞ്ഞ് തന്നത് ദിലീപ് തന്നെയാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് അഭിഭാഷകരോടൊപ്പം ദിലീപിന്റെ കൂടെ അഞ്ച് മണിക്കൂറുണ്ടായിരുന്നെന്നും സായ് ശങ്കര്‍ പറഞ്ഞു.

യഥാര്‍ത്ഥ രേഖകള്‍ മറച്ച് അവിടെ ജങ്ക് ഡാറ്റ ലോഡ് ചെയ്യുകയാണ് ചെയ്തത്. ഫോണില്‍ നിന്നും ഒന്നും മായ്ച്ചിട്ടില്ല എന്ന് വിശ്വസിപ്പിക്കാന്‍ മായ്ച്ചിടത്ത് പകരം വെറുതെയുള്ള രേഖകളും ചാറ്റുകളും വെക്കുകയാണ് ചെയ്തത്. ഇപ്പോള്‍ റിക്കവര്‍ ചെയ്ത 12 ചാറ്റുകളും ഡമ്മിയാണ്. യഥാര്‍ത്ഥ ചാറ്റുകള്‍ ലഭിക്കില്ല. പക്ഷെ എനിക്കത് തിരിച്ചെടുക്കാന്‍ പറ്റും. ഈ ഫോണില്‍ നിന്ന് എന്തൊക്കെ പോയൊ അതൊക്കെ തിരിച്ചെടുക്കാന്‍ പറ്റുും. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവുകള്‍ ഫോണില്‍ ഉണ്ട്. അതായിരുന്നു അവരുടെ പ്രധാന ആശങ്ക. ഞായറാഴ്ച ഒരു ആറു മണിയോടെ രേഖകള്‍ മായ്ച്ചു. അന്ന് തന്നെ 11.30 ന് അവര്‍ ബോംബെയില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഫോണ്‍ തിരികെ കൊണ്ട് കൊടുത്തു. തെളിവ് നശിപ്പിച്ചതിന് തനിക്ക് കാര്യമായി പണം തന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സായ് ശങ്കർ പറഞ്ഞു.