kvt

കണ്ണൂർ: കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. കണ്ണൂരിൽ എത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് കെ.വി തോമസ് ഇത്തരത്തിൽ പ്രതികരിച്ചത്. ഇടയ്‌ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ട്, പറഞ്ഞ വിഷയങ്ങളിൽ പരിഹാരം കാണുകയും ചെയ്യാറുണ്ടെന്ന് മുഖ്യമന്ത്രിയെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു.

സിപിഎം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട നാളത്തെ സെമിനാറിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗഭാഗം വച്ചാണ് തുടങ്ങുകയെന്നും കെ.വി തോമസ് പറഞ്ഞു. കെ റെയിൽ വിഷയത്തിൽ കോൺഗ്രസ് നിലപാടിനെയും അദ്ദേഹം വിമർശിച്ചു. നെടുമ്പാശേരി വിമാനത്താവള കാര്യത്തിൽ എല്ലാ പാർട്ടികളും യോജിച്ചാണ് പോയതെന്നും കെ റെയിൽ വികസന കാര്യത്തിൽ ജോയിപ്പ് വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാൻ.

സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് വൈകുന്നേരമാണ് കണ്ണൂരിലെ വിമാനത്താവളത്തിലെത്തിയത്. കരഘോഷങ്ങളോടെയും ചുവപ്പ് ഷാളണിയിച്ചും അദ്ദേഹത്തിന് സിപിഎം പാർട്ടി പ്രവർത്തകർ സ്വീകരിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.